
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മികച്ച ബിസിനസ് പ്രവർത്തന നേട്ടം. മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 82,580 കോടി രൂപയിൽ നിന്ന് 8.02% ഉയർന്ന് 89,201 കോടി രൂപയിലെത്തി.
ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിലെ 87,579 കോടി രൂപയെ അപേക്ഷിച്ചും മൊത്തം വായ്പകൾ ഉയർന്നു.
മൊത്തം ഡെപ്പോസിറ്റ് വാർഷികാടിസ്ഥാനത്തിൽ 1.03 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 1.12 ലക്ഷം കോടി രൂപയായി; വളർച്ച 9.07 ശതമാനം. ജനുവരി-മാർച്ചിൽ ഇത് 1.07 ലക്ഷം കോടി രൂപയായിരുന്നു. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപവും കാസ അനുപാതവും (കാസ റേഷ്യോ) നേട്ടത്തിലേറിയത് ബാങ്കിന് വൻ ആശ്വാസമായി.
കാസ നിക്ഷേപം 2024 ജൂൺപാദത്തിൽ 33,196 കോടി രൂപയായിരുന്നു. ഇക്കുറിയത് 9.06% വർധിച്ച് 36,204 കോടി രൂപയായി. 33,730 കോടി രൂപയായിരുന്നു ജനുവരി-മാർച്ചിൽ.
കാസ അനുപാതം വാർഷികാടിസ്ഥാനത്തിൽ 32.06 ശതമാനത്തിൽ മാറ്റമില്ലാതെ നിൽക്കുന്നതായും ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. അതേസമയം, ജനുവരി-മാർച്ചിലെ 31.37 ശതമാനത്തിൽ നിന്ന് മികച്ചതോതിൽ മെച്ചപ്പെട്ടു.






