പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി; 18 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ മെറ്റ

ന്യൂയോർക്ക്: കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മനഃപൂർവ്വം രൂപകൽപ്പന ചെയ്തുവെന്ന കേസിൽ ടെക് ഭീമനായ മെറ്റ വൻ നഷ്ടപരിഹാരം നൽകാൻ ധാരണയായി. യു.എസിലെ വിവിധ സംസ്ഥാനങ്ങൾ നൽകിയ ഹർജിയിൽ 18 ബില്യൺ ഡോളർ (1.71 ലക്ഷം കോടി) നൽകാൻ തയ്യാറെന്ന് മെറ്റ അറിയിച്ചു.

മെറ്റയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിയമപോരാട്ടത്തിനാണ് ഇതോടെ അവസാനമായത്. ഒരു സാങ്കേതിക വിദ്യാ കമ്പനി നഷ്ടപരിഹാരമായി ഇത്രയും വലിയ തുക നൽകുന്നത് ഇതാത്യമാണ്. കരാറിന്റെ ഭാഗമായി കൗമാരക്കാരായ ഉപയോക്താക്കൾക്ക് പ്രതിദിന സമയപരിധി ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ വരുത്താൻ മെറ്റ സമ്മതിച്ചതായി കോടതി രേഖകളിൽ പറയുന്നു.

2023-ലാണ് യു.എസിലെ 29 സംസ്ഥാനങ്ങൾ സംയുക്തമായി മെറ്റയ്ക്കെതിരേ കേസ് ഫയൽ ചെയ്യുന്നത്. കേസിന്റെ വിചാരണ കാലിഫോർണിയയിലെ ഓക്ലാൻഡ് ഫെറൽ കോടതിയിൽ പുരോഗമിക്കവെയാണ് വൻ ഒത്തുതീർപ്പ് ഉണ്ടായിരിക്കുന്നത്. ഫയൽ ചെയ്ത ഹർജി ഒത്തു തീർപ്പാക്കാൻ 17 ബില്യൺ ഡോളറിലധികം തുക ചെലവഴിക്കും.

ബാക്കി തുക മറ്റു സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണപ്രദേശങ്ങളുമായും തുടരുന്ന തർക്കങ്ങൾക്കായി ചെലവഴിക്കും. സംസ്ഥാനങ്ങളുടെ ‘യുവജന ഓൺലൈൻ സുരക്ഷാ പദ്ധതികൾക്കായി’ തുക വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് ഹാനികരമാണെന്ന ആരോപണം മെറ്റ നിരന്തരം നിഷേധിച്ചിരുന്നു. സുരക്ഷാ ഫീച്ചറുകൾക്കായി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ ആരോപണങ്ങൾ തെളിവില്ലാത്തതാണെന്നുമായിരുന്നു കമ്പനിയുടെ വാദം. കേസ് ഒത്തുതീർപ്പാക്കിയെങ്കിലും തങ്ങളുടെ ഭാഗത്തുനിന്നും തെറ്റുപറ്റിയതായി മെറ്റ ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.

കോടതി നടപടികളുമായി മുന്നോട്ട് പോകുന്നതിനേക്കാൾ ഒത്തുതീർപ്പ് വഴിയാണ് കൂടുതൽ വേഗത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയെന്ന് നോർത്ത് കരോലിന അറ്റോർണി ജനറൽ ജെഫ് ജാക്സൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വൻകിട ടെക് കമ്പനിയുമായി നടത്തുന്ന ഏറ്റവും വലിയ ഒത്തുതീർപ്പാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

‘നിയമപോരാട്ടവുമായി മുന്നോട്ട് പോയിരുന്നെങ്കിൽ ഈ സുരക്ഷാ മാറ്റങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ കൊണ്ടുവരാൻ വർഷങ്ങൾ വൈകുമായിരുന്നു. അത് ഒരു തലമുറയെക്കൂടി അപകടത്തിലാക്കാൻ കാരണമാകുമായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

70% ഒത്തുതീർപ്പ് തുക അടുത്ത 10 വർഷത്തിനുള്ളിൽ വാർഷിക ഗഡുക്കളായി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് മെറ്റ അറിയിച്ചു. ബാക്കി 30% തുക, യൂട്യൂബും ടിക് ടോക്കും സമാനമായ തുക നൽകാനും തങ്ങളുടെ ആപ്പുകളിൽ ഈ രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും തയ്യാറായാൽ മാത്രമേ നൽകുകയുള്ളൂ.

കുട്ടികളെയും കൗമാരക്കാരെയും ആപ്പുകളിൽ തളച്ചിടാൻ തക്കവണ്ണം ഇൻഫിനിറ്റ് സ്ക്രോളിംഗ്, അൽഗോരിതം നിർദ്ദേശങ്ങൾ, നിരന്തരമായ നോട്ടിഫിക്കേഷനുകൾ തുടങ്ങിയ ഫീച്ചറുകൾ മെറ്റ മനഃപൂർവ്വം രൂപകൽപ്പന ചെയ്തുവെന്നാണ് അറ്റോർണി ജനറൽമാർ ആരോപിച്ചത്.

കൂടാതെ, തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ വരുത്തുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും മാതാപിതാക്കളുടെ സമ്മതമില്ലാതെ 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ആപ്പുകളിൽ വരുന്ന പ്രധാന മാറ്റങ്ങൾ:
13 നും 17 നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ ആപ്പുകളിൽ പ്രതിദിനം പരമാവധി 2 മണിക്കൂർ സമയപരിധി മെറ്റ ഏർപ്പെടുത്തും. മാതാപിതാക്കൾക്ക് മാത്രമേ ഇത് മാറ്റാൻ സാധിക്കൂ.

ഫേസ്ബുക്കോ ഇൻസ്റ്റാഗ്രാമോ തുടർച്ചയായി 15 മിനിറ്റ് ഉപയോഗിച്ചാൽ കൗമാരക്കാരെ ശ്രദ്ധാപൂർവ്വമായ ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന മുന്നറിയിപ്പുകൾ നൽകും.
അർദ്ധരാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ കൗമാരക്കാർക്ക് ആപ്പുകളിലേക്കുള്ള പ്രവേശനം സ്വയം തടയുന്ന ‘ഡിഫോൾട്ട് നൈറ്റ് മോഡ്’ നിലവിൽ വരും.

സ്കൂൾ സമയങ്ങളിൽ വരുന്ന നോട്ടിഫിക്കേഷനുകളുടെ എണ്ണം കുറയ്ക്കും.
കൗമാരക്കാരുടെ പോസ്റ്റുകളിലെ ലൈക്കുകളും കമന്റുകളും സ്വയം മറയ്ക്കപ്പെടും.
പ്രായപൂർത്തിയാകാത്തവർക്കായി ‘എക്സ്ട്രീം മേക്കപ്പ് ഫിൽട്ടറുകൾ’ വിലക്കും.

ഓട്ടോപ്ലേ സംവിധാനം ഓഫാക്കാനും അൽഗോരിതം നിർദ്ദേശങ്ങൾക്ക് പകരം സാധാരണ ക്രോണോളജിക്കൽ ഫീഡ് തിരഞ്ഞെടുക്കാനും കൗമാരക്കാർക്ക് അവസരമുണ്ടാകും.
ഈ മാറ്റങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട പ്രസ്താവനയിൽ പറഞ്ഞു.

ഈ കരാറിലെ വ്യവസ്ഥകൾ മെറ്റ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ ഒരു സ്വതന്ത്ര ഓഡിറ്ററെ അനുവദിക്കാനും കമ്പനി സമ്മതിച്ചിട്ടുണ്ട്.

X
Top