
തൊടുപുഴ: ഉയരും കൂടുന്തോറും ചായയ്ക്ക് രുചിയേറുമെന്ന പരസ്യ വാചകം പോലെ കർഷകരിൽ നിന്ന് അകലം കൂടുന്തോറും തേയിലയ്ക്ക് വിലയേറുകയാണ്. അതേ സമയം ഉത്പാദന ചെലവ് പോലും കിട്ടാത്ത അവസ്ഥയിൽ കൃഷി തന്നെ ഉപേക്ഷിക്കാനൊരുങ്ങുകയാണ് ചെറുകിട തേയില കർഷകർ.
ഒരു കിലോ തേയില ഉത്പാദിപ്പിക്കാൻ 12- 13 രൂപ ചെലവ് വരുമ്പോൾ കർഷകർക്ക് പത്ത് രൂപ പോലും കിട്ടുന്നില്ല. മുൻ വർഷങ്ങളിൽ 20 മുതൽ 25 രൂപ വരെ കിലോയ്ക്ക് ലഭിച്ച സ്ഥാനത്താണിതെന്ന് കർഷകർ പറയുന്നു. ഒരു കിലോഗ്രാം പച്ചക്കൊളുന്ത് വിളവെടുക്കുന്നതിന് മാത്രം അഞ്ച് രൂപ കൂലി നൽകണം.
തണൽ ക്രമീകരണം, കള നീക്കൽ, വളം- കീടനാശിനി പ്രയോഗം എന്നിവയ്ക്കുള്ള ചെലവ് കിലോഗ്രാമിനു ആറ് രൂപയിലധികം വരും. ആകെ 12 രൂപ ചെലവഴിക്കുമ്പോൾ തിരികെ 10 രൂപ കിട്ടിയാലായി. വളത്തിനും കീടനാശിനികൾക്കുമൊപ്പം പണിക്കൂലിയും മുമ്പുള്ളതിനേക്കാളും വർദ്ധിച്ചു.
അതേസമയം ചായപ്പൊടിക്ക് വിപണിയിൽ ഒരുവിധത്തിലുള്ള വിലക്കുറവും സംഭവിച്ചിട്ടില്ല. നിലവിലെ ഉത്പാദന ചെലവ് അനുസരിച്ച് പച്ചത്തേയിലയ്ക്ക് കിലോഗ്രാമിന് പതിനഞ്ച് രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ തങ്ങൾ കടക്കെണിയിലാകുമെന്ന് കർഷകർ പറയുന്നു.
ചെറുകിട തേയില കർഷക ഫെഡറേഷന്റെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിൽ മാത്രം ഏകദേശം ഇരുപതിനായിരത്തിലധികം ചെറുകിട തേയില കർഷകരുണ്ട്. പീരുമേട്, ദേവികുളം, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാർ കൂടുതലുള്ളത്.
ചെറുകിട കർഷകരുടെ കൈയിൽ നിന്ന് 10 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ പച്ചക്കൊളുന്ത് ഏജൻസികൾ ഫാക്ടറികൾക്ക് നൽകുന്നത് 23 മുതൽ 24 രൂപ വരെ വിലയ്ക്കാണ്. ചെറുകിട കർഷകർ നേരിട്ടെത്തിച്ചാൽ രജിസ്ട്രേഷനില്ലെന്ന കാരണം പറഞ്ഞ് ഫാക്ടറികൾ കൊളുന്ത് വാങ്ങില്ല. കർഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തക്കേണ്ട തേയില ബോർഡും ഇക്കാര്യത്തിൽ ഇടപെടാറില്ലത്രെ.
കാലാവസ്ഥാ മാറ്റം കാരണം പല സമയങ്ങളിലും ലഭിക്കുന്ന കൊളുന്തിന്റെ അളവിലും വലിയ കുറവാണ് വരുന്നത്. ചെറിയ ചാറ്റൽ മഴയും നേരിയ വെയിലും ഇളം തണുപ്പുമാണ് കൃഷിയ്ക്ക് അനുയോജ്യം. എന്നാൽ ഇപ്പോൾ കടുത്ത വെയിലും ശക്തമായ മഴയും മാറി മാറി വരുന്നത് ദോഷം ചെയ്യുന്നുണ്ട്.
ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞു വീഴ്ചയുണ്ടായാൽ കൊളുന്ത് കരിഞ്ഞു പോകും. കഴിഞ്ഞ ജനുവരിയിൽ നൂറുകണക്കിന് ഏക്കർ കൃഷിയാണ് മഞ്ഞുവീഴ്ചയിൽ നശിച്ചത്.






