
കൊച്ചി: തൊഴില്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ കേരളം മുന്നേറിയെന്നും അടിസ്ഥാന വൈദഗ്ധ്യത്തിനപ്പുറം നൈപുണ്യം കൈവരിക്കേണ്ട കാലമാണ് വരുന്നതെന്നും ലിങ്ക്ഡ്‌ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട്.
കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ വളർച്ചയുണ്ടായെന്നു പറയുന്ന റിപ്പോർട്ട്, അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണല്‍ ടാലന്റ് പൂള്‍ 172 ശതമാനം വളർച്ച നേടി എന്ന് വ്യക്തമാക്കുന്നു.
ഇതോടെ കേരളം രാജ്യത്തെ ഒൻപതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമായി മാറി. എന്നാല്‍, 2030-ഓടെ അടിസ്ഥാന വൈദഗ്ധ്യം വേണ്ട തൊഴില്‍ മേഖലകളില്‍ 30 ശതമാനം വരെ മാറ്റംവരുകയോ അപ്രസക്തമാകുകയോ ചെയ്യുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.
നൈപുണ്യകേരളം ആഗോള ഉച്ചകോടിയില്‍ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൊഴിലാളി ശക്തിയുടെ 40 ശതമാനവും കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ്.
കൂടുതല്‍ പ്രൊഫഷണലുകളും സോഫ്റ്റ്വേർ എൻജിനിയർ, അക്കൗണ്ടന്റ്, അധ്യാപനം എന്നീ മേഖലകളിലാണ്. കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ 37% വനിതകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേശീയ ശരാശരി 30 ശതമാനമാണ്.
വിദേശ രാജ്യങ്ങളില്‍നിന്ന്, പ്രധാനമായും ഗള്‍ഫ് മേഖലകളില്‍നിന്ന് സ്കില്‍ഡ് പ്രൊഫഷണലുകള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. യുഎഇയില്‍ നിന്നുമാത്രം 52 ശതമാനം പേർ തിരിച്ചെത്തി.
ബിസിനസ് ഓപ്പറേഷൻസ്, ഫിനാൻസ്, സംരംഭകത്വം എന്നീ മേഖലകളില്‍ ജോലിയെടുത്ത് പരിചയമുള്ളവരാണ് ഇവർ.
കേരള ഡിവലപ്മെന്റ് ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്), നോളജ് ഇക്കണോമി മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്ത് നൈപുണി വികസനത്തിന് ഊന്നല്‍ ലഭിച്ചു.
രണ്ടുവർഷത്തിനിടെ നിർമിതബുദ്ധി, ഡേറ്റാ അനാലിസിസ്, ഫിനാൻഷ്യല്‍ പ്ലാനിങ് തുടങ്ങിയ മേഖലകളില്‍ ഡിജിറ്റല്‍, പ്രൊഫഷണല്‍ പരിശീലനത്തില്‍ പങ്കാളിത്തം ഇരട്ടിയായി.
ഐടി സർവീസ്, ഫിനാൻസ്, ആരോഗ്യമേഖല എന്നീ മേഖലകളില്‍ കേരളം ദേശീയതലത്തിലെ നിയമന പാറ്റേണുമായി ചേർന്നുപോകുന്നുവെങ്കിലും ബയോ ടെക്നോളജി, ഓട്ടോമേഷൻ, അഡ്വാൻസ്ഡ് അനലിറ്റിക്സ് മേഖലകളില്‍ സംസ്ഥാനത്തിന് ഇനിയും വളരാനുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.