
കൊച്ചി: ഇന്ത്യൻ വ്യവസായരംഗത്തെ നൂറ്റാണ്ടു പിന്നിട്ട ടാറ്റ ബന്ധം അവസാനിപ്പിച്ച് ഷാപൂർജി പല്ലോൻജി (എസ്പി) ഗ്രൂപ്പ് ബോംബെ ഹൗസിന്റെ പടിയിറങ്ങുന്നു. ടാറ്റ സംരംഭങ്ങളുടെ മാതൃകമ്പനിയായ ടാറ്റ സൺസിൽ 18.37% ഓഹരികളുള്ള എസ്പി ഗ്രൂപ്പാണ് ടാറ്റ സൺസിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപകർ.
ഈ ഓഹരികൾ ടാറ്റ സൺസിനു കൈമാറും. ഇതിൽ നിന്നു നിർമാണ മേഖലയിലെ വലിയ സംരംഭകരായ എസ്പി ഗ്രൂപ്പിന് 1.5 മുതൽ 1.8 ലക്ഷം കോടി വരെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
വലിയ ബാധ്യതകളിൽ നിൽക്കുന്ന എസ്പി ഗ്രൂപ്പിന് ഇത് വലിയൊരു അനുഗ്രഹമായിരിക്കും. ടാറ്റയ്ക്കാകട്ടെ, ഇടക്കാലത്ത് ചില തലവേദനകൾ സൃഷ്ടിച്ച ഗ്രൂപ്പ് ഒഴിയുന്നതിന്റെ ആശ്വാസവും. ടാറ്റ സൺസിന്റെ മുൻ ചെയർമാനായ സൈറസ് മിസ്ത്രിയുടെ മുത്തച്ഛനായ ഷാപൂർജി മിസ്‌ത്രിയുടെ കാലത്താണ് എസ്പി ഗ്രൂപ്പ് ടാറ്റ സൺസുമായി ബന്ധം തുടങ്ങുന്നത്.
1920ൽ സാമ്പത്തികമാന്ദ്യ കാലത്തു ടാറ്റക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ മൂലധനം ആവശ്യമായി വന്നു. ഈ ഘട്ടത്തിൽ ഷാപൂർജി മിസ്‌ത്രി ടാറ്റക്ക് സാമ്പത്തിക സഹായം നൽകി. അത് പിന്നീട് എസ്പി ഗ്രൂപ്പിന്റെ ടാറ്റ സൺസിലെ ഓഹരികളാക്കി മാറ്റി. ക്രമേണ ഗ്രൂപ്പ് ഓഹരി വിഹിതം ഉയർത്തി.
രത്തൻ ടാറ്റയുമായി ഇടഞ്ഞ സൈറസ് മിസ്‌ത്രിയെ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റിയതോടെ 2 ഗ്രൂപ്പുകളും മാനസികമായി അകന്നു. 2020ൽ എസ്പി ഗ്രൂപ്പ് ടാറ്റ സൺസ് വിടുകയാണെന്നു പ്രഖ്യാപിച്ചു. ഓഹരികൾ വിൽക്കാനും നീക്കം നടന്നു.
എന്നാൽ ടാറ്റ സൺസിലേക്ക് പുറത്തു നിന്നാരും വരുന്നതിൽ താൽപര്യമില്ലാതിരുന്ന ടാറ്റ ആ നീക്കം തടഞ്ഞു. ഓഹരികൾ തങ്ങൾക്കു തന്നെ കൈമാറാൻ സമ്മതിച്ചതോടെ, ടാറ്റ സൺസ് എസ്പി ഗ്രൂപ്പിന്റെ പിന്മാറ്റത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്.