
ഡൽഹി: യുറീക്ക ഫോർബ്‌സിലെ കമ്പനിയുടെ ശേഷിക്കുന്ന 8.7 ശതമാനം ഓഹരികൾ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അഡ്വെന്റ് ഇന്റർനാഷണലിന്റെ പിന്തുണയുള്ള ലുനോലക്‌സിന് വിറ്റ് നിർമാണ രംഗത്തെ പ്രമുഖരായ ഷപൂർജി പല്ലോൻജി ആൻഡ് കമ്പനി. ഇതോടെ യുറീക്ക ഫോർബ്‌സിൽ ഇനി കമ്പനിക്ക് ഓഹരി പങ്കാളിത്തമില്ല. 2022 ജൂലൈ 12-ന് ഷാപൂർജി പല്ലോൻജി ആൻഡ് കമ്പനിയിൽ നിന്ന് യുറീക്ക ഫോർബ്സിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 8.7 ശതമാനം വരുന്ന 1.68 കോടി ഇക്വിറ്റി ഷെയറുകൾ ലുനോലക്‌സ് ഏറ്റെടുത്തതായി കമ്പനി റെഗുലേറ്ററി അപ്‌ഡേറ്റിൽ പറഞ്ഞു. ലുനോലക്സും ഷപൂർജി പല്ലോൻജി കമ്പനിയും തമ്മിൽ 2021 സെപ്റ്റംബർ 19-ൽ ഏർപ്പെട്ട ഓഹരി വാങ്ങൽ കരാറിന് അനുസൃതമായിയാണ് ഇപ്പോഴത്തെ ഇടപാട്.
അഡ്വെന്റ് ഇന്റർനാഷണൽ നിയന്ത്രിക്കുന്ന എല്ലാ ഫണ്ടുകൾക്കുമായി ഏഷ്യയുടെ നിക്ഷേപ കേന്ദ്രമായി പ്രവർത്തിക്കുന്ന എഐ ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് (സൈപ്രസ്) പിസിസി ലിമിറ്റഡ് സംയോജിപ്പിച്ച ഒരു പ്രത്യേക പർപ്പസ് വെഹിക്കിൾ ആണ് ലുനോലക്‌സ് ലിമിറ്റഡ്. 2021 സെപ്റ്റംബറിൽ, ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ കൺസ്യൂമർ ഡ്യൂറബിൾസ് വിഭാഗമായ യുറേക്ക ഫോർബ്‌സ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും 4,400 കോടി രൂപയ്ക്ക് വാങ്ങുന്നതിനുള്ള കരാറിൽ അഡ്വെന്റ് ഇന്റർനാഷണൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രിലിൽ ഷപൂർജി പല്ലോൻജി ആൻഡ് കമ്പനിയിൽ നിന്നുള്ള ഏഴ് ഡയറക്ടർമാർ യുറീക്ക ഫോർബ്‌സിന്റെ ബോർഡിൽ നിന്ന് രാജിവച്ചിരുന്നു.
തങ്ങളുടെ പോർട്ട്‌ഫോളിയോ കമ്പനിയായ യുറീക്ക ഫോർബ്‌സിനെ നയിക്കാൻ മുൻ ജൂബിലന്റ് ഫുഡ്‌വർക്‌സ് സിഇഒ പ്രതീക് പോട്ടയെ നിയമിക്കുമെന്ന് അഡ്വെന്റ് ഇന്റർനാഷണൽ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു.