
തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ 1838 കോടി രൂപയുടെ കടമെടുക്കാൻ കേരളത്തിന് അനുമതി. ജനുവരി മുതൽ മാർച്ച് മാസം വരെയുള്ള അവസാന പാദത്തിൽ 7437.61 കോടി രൂപയുടെ കടമെടുക്കാനുള്ള അനുമതിയാണു കേരളം തേടിയത്.
5600 കോടിയോളം രൂപയുടെ കടമെടുക്കാനുള്ള അനുമതി ലഭിക്കാതായതോടെ സാമ്പത്തിക വർഷത്തിന്‍റെ അവസാന നാളുകൾ ഏറെ ഞെരുക്കത്തിന്‍റേതാകാനാണു സാധ്യത.
അവസാന പാദത്തിലെ കടമെടുക്കാനുള്ള പരിധിയിൽ ഡിസംബറിൽ തന്നെ മുൻകൂറായി കേരളം കടമെടുത്തിരുന്നു. ഈ തുക കൂടി ഉപയോഗിച്ചാണ് ഡിസംബറിൽ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകിയത്.
ഇനി സെപ്റ്റംബർ മുതലുള്ള ക്ഷേമപെൻഷൻ കുടിശികയുണ്ട്. അടുത്ത ആഴ്ച 800 കോടി രൂപ കൂടി കടമെടുക്കുന്നുണ്ട്. ഇതിനായി കടപ്പത്രം പുറപ്പെടുവിക്കുന്ന നടപടികൾ പൂർത്തിയാക്കി. സാമ്പത്തിക വർഷത്തിന്‍റെ അവസാന നാളുകളിലാണു പദ്ധതിച്ചെലവുകളിൽ ഒട്ടുമുക്കാലും പൂർത്തിയാക്കേണ്ടത്.
7,000 കോടി രൂപ കടമെടുത്ത് പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. എന്നാൽ, 1838 കോടിയുടെ കടമെടുപ്പ് അനുമതി മാത്രം ലഭിച്ചതോടെ സർക്കാരും അങ്കലാപ്പിലായി.
ഈ സാമ്പത്തിക വർഷം ആകെ കടമെടുപ്പ് അനുവാദം 45,689. 61 കോടി രൂപയായിരുന്നു. ഇതിൽ 32,442 കോടി പൊതു വിപണിയിൽ നിന്ന് കടമെടുക്കാമെന്ന് സാമ്പത്തിക വർഷം ആദ്യം കേന്ദ്രം സമ്മതിച്ചിരുന്നു.
14,400 കോടിയുടെ കടം നബാർഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉൾപ്പെടെ സ്രോതസുകളിൽ നിന്നാണ്. ഡിസംബർ വരെ പൊതു വിപണിയിൽനിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിന് കേന്ദ്ര അനുമതി ലഭിച്ചു.
ബാക്കി തുകയ്ക്ക് കടമെടുക്കാനാണ് അനുമതി തേടിയത്. ഇതിലാണ് 1838 കോടിയുടെ കടമെടുപ്പിന് അനുമതി ലഭിച്ചതായി ധനകാര്യ വൃത്തങ്ങൾ പറയുന്നത്.






