
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഓഫ് കമ്പനികള്‍ക്കെതിരായ ആരോപണങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, (സെബി) അന്വേഷിക്കുകയാണെന്നും ഗ്രൂപ്പ് ഉള്‍പ്പെട്ട പവര്‍ ഉപകരണ ഇറക്കുമതി കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ധനമന്ത്രാലയം തിങ്കളാഴ്ച ലോക്‌സഭയെ അറിയിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ഇറക്കുമതി കേസ് അന്വേഷണം നടത്തിയത്.
ഇന്തോനേഷ്യന്‍ കല്‍ക്കരി ഇറക്കുമതി തടഞ്ഞതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മരവിപ്പിച്ചിരിക്കയാണ്.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് പാര്‍ലമെന്റംഗങ്ങള്‍ ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടികളിലാണ് ധനമന്ത്രാലയം തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
”ചട്ടലംഘനങ്ങളുണ്ടോ എന്ന് സെബി അന്വേഷിക്കുന്നു, ”ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് ശേഷം, അദാനി ഗ്രൂപ്പ് ഓഹരികള്‍ വിപണി മൂലധനത്തിന്റെ 60% നഷ്ടപ്പെടുത്തി. ഈ കമ്പനികള്‍ സെന്‍സെക്സിന്റെ ഭാഗമല്ല. അതേസമയം നിഫ്റ്റിയില്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് 1% ത്തില്‍ താഴെ വെയ്‌റ്റേജുണ്ട്,” ചൗധരി പറഞ്ഞു. ഓഹരികളിലെ ചാഞ്ചാട്ടം ”വ്യവസ്ഥാപരമായ സ്വാധീനം ചെലുത്തിയിട്ടില്ല”.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പുള്ള മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളും അന്വേഷണ പരിധിയിലാണ്. അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സെബിയോട് മാര്‍ച്ച് രണ്ടിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
പൊതുമേഖലാ ധനകാര്യ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന് നല്‍കിയ വായ്പ എത്രയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിസമ്മതിച്ചു. ബാങ്ക് സമര്‍പ്പിക്കുന്ന ക്രെഡിറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തുത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരം തെറ്റായതാണ് കാരണം.





