
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഇടപാടുകളുടെ സൂക്ഷ്മപരിശോധന, സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കഴിഞ്ഞവര്‍ഷം മുതല്‍ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക അന്വേഷണത്തിന് പുറമെയാണിത്. അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ടും റെഗുലേറ്റര്‍ അന്വേഷണ വിധേയമാക്കുന്നുണ്ട്.
അധികൃതരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഹോള്‍സിം ലിമിറ്റഡിന് അബുംജ സിമന്റ്‌സിലും എസി സി ലിമിറ്റഡിലുമുള്ള ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.ഇതിനായി ഉപയോഗിച്ച ഓഫ്ഷോര്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) റെഗുലേറ്റര്‍ പരിശോധിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു.
ഇടപാട് ഫണ്ടിംഗില്‍ ഉള്‍പ്പെട്ടിരിക്കുന്ന 17 വിദേശ ഓഫ്ഷോര്‍ സ്ഥാപനങ്ങളെ റെഗുലേറ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഇടപാടിന് ക്ലിയറന്‍സ് നല്‍കാനായി റെഗുലേറ്റര്‍ ഇക്കാര്യത്തില്‍ വ്യക്തത തേടിയിരുന്നു. ഗ്രൂപ്പ് നല്‍കിയ പ്രതികരണങ്ങള്‍ അവര്‍ പരിശോധിച്ച് വരികയാണ്.
മൗറീഷ്യസ് ഫണ്ടുകളെ കുറിച്ചുള്ള അന്വേഷണവും പുരോഗതിയിലാണ്. അദാനി ഗ്രൂപ്പ് ഓഹരികളിലെ വിദേശ നിക്ഷേപം നികുതി ബാധകമല്ലാത്ത ഇടങ്ങളില്‍ നിന്നുള്ളതാണെന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട്് ബുധനാഴ്ചയാണ് ഹിഡന്‍ബര്‍ഗ് പുറത്തുവിട്ടത്. ഉയര്‍ന്ന കടമാണ് കമ്പനിയ്ക്കുള്ളത്.
ഇക്കാരണങ്ങള്‍കൊണ്ടുതന്നെ, ഗ്രൂപ്പില്‍ തങ്ങള്‍ക്ക് ഷോര്‍ട്ട്‌പൊസിഷനുകളുണ്ടെന്നും അമേരിക്കന്‍ കമ്പനി അവകാശപ്പെട്ടു. അദാനി എന്റര്‍പ്രൈസസിന്റെ 2.45 ബില്യണ്‍ ഡോളറിന്റെ സെക്കന്‍ഡറി ഓഹരി വില്‍പ്പനയ്ക്കിടയിലാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടെ ഓഹരി വില കൂപ്പുകുത്തി.





