
ന്യൂഡല്‍ഹി: ട്രേഡിംഗ് തടസ്സപ്പെടുമ്പോള്‍ സംഭവിക്കുന്ന നഷ്ടത്തില്‍ നിന്നും നിക്ഷേപകരെ മോചിപ്പിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഇതിനായി പ്ലാറ്റ്‌ഫോം സജ്ജീകരിക്കണമെന്ന് എക്‌സ്‌ചേഞ്ചുകളോടും ക്ലിയറിംഗ് കോര്‍പ്പറേഷനുകളോടും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടു. 2023 ഓടെ സംവിധാനം പ്രവര്‍ത്തനസജ്ജമാകണം.
ടിഎം (ട്രേഡിംഗ് അംഗങ്ങള്‍) സംവിധാനങ്ങളില്‍ തകരാറുകള്‍ പതിവാണെന്നും നിക്ഷേപകര്‍ക്ക് പണം നഷ്ടമാകുന്നെന്നും സെബി നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഒരു ഇന്‍വെസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആക്സസ് (IRRA) പ്ലാറ്റ്‌ഫോം വികസിപ്പിക്കണം. ഇതുവഴി ഓപ്പണ്‍ പൊസിഷനുകള്‍ സ്‌ക്വയര്‍ ഓഫ്/ക്ലോസ് ചെയ്യാനും തീര്‍പ്പാക്കാത്ത ഓര്‍ഡറുകള്‍ റദ്ദാക്കാനും അവസരമൊരുങ്ങും.
സൈബര്‍ ആക്രമണങ്ങള്‍, റിക്കവറി സൈറ്റുകളിലേക്ക് മാറുന്നതിലുള്ള ടിഎമ്മുകളുടെ പരാജയം എന്നിവ തടയാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല,സെബി അധികൃതര്‍ പറഞ്ഞു. സാങ്കേതിക തകരാറുകള്‍ സംഭവിക്കുമ്പോള്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാന്‍ ഐആര്‍ആര്‍എ സഹായിക്കും. ഐആര്‍ആര്‍എയ്ക്ക് കീഴില്‍ എക്‌സ്‌ചേഞ്ചുകള്‍ അടിയന്തര സേവനം പ്രവര്‍ത്തന സജ്ജമാക്കും.
ഇതിനായി കണക്റ്റിവിറ്റി, ഓര്‍ഡര്‍ ഫ്‌ലോ, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മുതലായവ പോലുള്ള പാരാമീറ്ററുകള്‍ നിരീക്ഷിക്കണം, സെബി എക്‌സ്‌ചേഞ്ചുകളോട് ആവശ്യപ്പെടുന്നു.





