
മുംബൈ: തെരഞ്ഞെടുത്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരില്‍ (എഫ്പിഐ) നിന്ന് അധിക വെളിപ്പെടുത്തലുകള്‍ തേടുകയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇതിനായി കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കി.മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് നിയമങ്ങളുടെ ലംഘനം,അവസരവാദ ഏറ്റെടുക്കലിനായി എഫ്പിഐ റൂട്ട് ദുരുപയോഗം ചെയ്യല്‍ എന്നിവ തടയുന്നത് ലക്ഷ്യമിട്ടാണ് നീക്കം.
കേന്ദ്രീകൃത സിംഗിള്‍-ഗ്രൂപ്പ് ഇക്വിറ്റി എക്‌സ്‌പോഷറുകളോ ഗണ്യമായ ഇക്വിറ്റി ഹോള്‍ഡിംഗുകളോ ഉള്ള, വസ്തുനിഷ്ഠമായി തിരിച്ചറിഞ്ഞ, ഉയര്‍ന്ന അപകടസാധ്യതയുള്ള പരിമിതമായ എഫ്പിഐകളോട് വിവരങ്ങള്‍ ആവശ്യപ്പെടും. ഫണ്ടുകളുടെ ഉടമസ്ഥാവകാശം, സാമ്പത്തിക താല്‍പ്പര്യം, നിയന്ത്രണം എന്നിവയെക്കുറിച്ച് അധിക വെളിപ്പെടുത്തലുകള്‍ സമര്‍പ്പിക്കാന്‍ ഇവരെ നിര്‍ബന്ധിക്കും. ഇക്വിറ്റി അസറ്റ് അണ്ടര്‍ മാനേജ്‌മെന്റിന്റെ 50 ശതമാനത്തിലധികം ഒരൊറ്റ കോര്‍പ്പറേറ്റ് ഗ്രൂപ്പില്‍ നിക്ഷേപിച്ച ഉയര്‍ന്ന അപകടസാധ്യതയുള്ള എഫ്പിഐകള്‍ ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതുണ്ട്.
എല്ലാ സ്വാഭാവിക വ്യക്തികളുടെയും / അല്ലെങ്കില്‍ പബ്ലിക് റീട്ടെയില്‍ ഫണ്ടുകളുടെയും അല്ലെങ്കില്‍ പബ്ലിക് ലിസ്റ്റുചെയ്ത സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഇവര്‍ നല്‍കണം. കേന്ദ്രീകൃത നിക്ഷേപങ്ങള്‍ ഗ്രൂപ്പ് പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതായി കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പറഞ്ഞു. മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (എംപിഎസ്) പരിപാലിക്കുന്നത് പോലുള്ള റെഗുലേറ്ററി ആവശ്യകതകളെ മറികടക്കാന്‍ എഫ്പിഐ റൂട്ട് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്.
ഈ ആശങ്കകള്‍ ദൂരീകരിക്കാനാണ് പുതിയ നിയന്ത്രണങ്ങള്‍, അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ 25,000 കോടി രൂപയിലധികം നിക്ഷേപമുള്ള ഉയര്‍ന്ന നഷ്ടസാധ്യതയുള്ള എഫ്പിഐകള്‍ 6 മാസത്തിനുള്ളില്‍ അധിക ഗ്രാനുലാര്‍ വെളിപ്പെടുത്തല്‍ നടത്തണമെന്നും അല്ലാത്തപക്ഷം അതിന്റെ എയുഎം 25,000 കോടി രൂപയില്‍ കുറയ്ക്കണമെന്നും സെബി നിര്‍ദ്ദേശിച്ചു.
സെന്‍ട്രല്‍ ബാങ്കുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ മുതലായ സര്‍ക്കാര്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ സെബി കുറഞ്ഞ നഷ്ടസാധ്യതയുള്ളതായി തരംതിരിച്ചിട്ടുണ്ട്. പെന്‍ഷന്‍ ഫണ്ടുകള്‍,പബ്ലിക് റീട്ടെയില്‍ ഫണ്ടുകള്‍ എന്നിവ മിതമായ നഷ്ടസാധ്യതയുള്ളവയാണ്. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കാത്ത എല്ലാ എഫ്പിഐകളും ഉയര്‍ന്ന നഷ്ടസാധ്യതയുള്ളവയാണ്.






