
ന്യൂഡൽഹി: 2022 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ അതിന്റെ എക്കാലത്തെയും ഉയർന്ന ത്രൈമാസ ലാഭം (പിഎടി) രേഖപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) . 13,264.62 കോടി രൂപയാണ് പ്രസ്തുത പാദത്തിലെ ബാങ്കിന്റെ ലാഭം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 7,626.57 രൂപയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വായ്പാ ദാതാവിന്റെ രണ്ടാം പാദത്തിലെ മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 77,689.09 കോടിയിൽ നിന്ന് 14 ശതമാനം ഉയർന്ന് 88,733.86 കോടി രൂപയായി വർധിച്ചു. 21,220 കോടി രൂപയാണ് ഈ പാദത്തിലെ പ്രി-പ്രൊവിഷൻ പ്രവർത്തന ലാഭം (പിപിഒപി).
2022 സെപ്റ്റംബർ പാദത്തിൽ അറ്റ പലിശ വരുമാനം (എൻഐഐ) 13% വർധിച്ച് 35,183 കോടി രൂപയായതായി എസ്ബിഐ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കൂടാതെ പ്രസ്തുത കാലയളവിൽ വായ്പ ദാതാവിന്റെ ആഭ്യന്തര അറ്റ പലിശ മാർജിനുകൾ (എൻഐഎം) 3.55 ശതമാനമായി മെച്ചപ്പെട്ടു.
മൊത്തം എൻപിഎ മുൻ വർഷത്തെ പാദത്തിലെ 4.9%ൽ നിന്ന് 3.52% ആയി കുറഞ്ഞപ്പോൾ അറ്റ എൻപിഎ 0.8% ആയി കുറഞ്ഞു. ഇതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്തി നിലവാരം മെച്ചപ്പെട്ടു. അതേപോലെ ബാങ്കിന്റെ ആസ്തിയിൽ നിന്നുള്ള വരുമാനം (ROA) 1.04% ആണ്, ഇത് 38 ബിപിഎസ് വർദ്ധിച്ചതായി എസ്‌ബിഐ പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്ഷത്തിന്റെ ആദ്യ പകുതിയിൽ എസ്‌ബിഐയുടെ അറ്റാദായം 37 ശതമാനം വർധിച്ച് 19,333 കോടി രൂപയായപ്പോൾ എൻഐഐ 13% വർധിച്ച് 66,379 കോടി രൂപയായി. ഈ കാലയളവിലെ എൻഐഎം 3.39 ശതമാനം ആണ്.