
ഹൈദരാബാദ്: സായ് ലൈഫ് സയന്‍സസിന്‍റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഡിസംബര്‍ 11 ന് തുടങ്ങും. 3043 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. ഡിസംബര്‍ 13 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം. 522-549 രൂപയാണ് ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്. 27 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
950 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്. ഇതിന് പുറമെ പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള 3.81 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കും.
പ്രൊമോട്ടര്‍ സ്ഥാപനങ്ങളിലൊന്നായ സായി ക്വസ്‌റ്റ് സിന്‍ പ്രൈവറ്റ് ലിമിറ്റഡും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ടിപിജി ഏഷ്യ വിഐഐ എസ്‌എഫ് പിടിഇ പ്രൈവറ്റ് ലിമിറ്റഡും എച്ച്‌ബിഎം പ്രൈവറ്റ് ഇക്വിറ്റി ഇന്ത്യയും അവരുടെ ഓഹരികള്‍ ഒഎഫ്‌എസ് വഴി വില്‍ക്കും.
കൂടാതെ ഭാരതി ശ്രീവാരിയും അനിതാ രുദ്രരാജു നന്ദ്യാലയും രാജു പെന്‍മസ്‌തയും ഡിര്‍ക്ക് വാള്‍ട്ടര്‍ സാര്‍ട്ടറും ജഗദീഷ് വിശ്വനാഥ് ഡോറും രാജഗോപാല്‍ ശ്രീരാമ തട്ടയും കെ പാണ്ഡു രംഗ രാജുവും ഓഹരികള്‍ വിറ്റഴിക്കുന്ന മറ്റ് ഓഹരി ഉടമകളാണ്. കഴിഞ്ഞ ജൂലൈയിലാണ്‌സായി ലൈഫ് സയന്‍സസ് ഐപിഒ പേപ്പറുകള്‍ സെബിയ്‌ക്ക് സമര്‍പ്പിച്ചത്. നവംബറില്‍ പബ്ലിക് ഇഷ്യുവിനുള്ള അനുമതി ലഭിച്ചു.
ഐപിഒയില്‍ നിന്ന് ലഭിക്കുന്ന തുകയില്‍, 720 കോടി രൂപ കടബാധ്യത തീര്‍ക്കുന്നതിനും ഒരു ഭാഗം കോര്‍പ്പറേറ്റ് പൊതു ആവശ്യങ്ങള്‍ക്കുമായി കമ്പനി വിനിയോഗിക്കും. 2024 സെപ്‌തംബറില്‍ അവസാനിച്ച ആറ് മാസ കാലയളവില്‍ സായി ലൈഫ് സയന്‍സസിന്റെ മൊത്തം വരുമാനം 693.35 കോടി രൂപ ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇത് 656.8 കോടി രൂപ ആയാണ് രേഖപ്പെടുത്തിയത്. 28.01 കോടി രൂപ ലാഭമാണ് കമ്പനി കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 12.92 കോടി രൂപ നഷ്‌ടമായിരുന്നു കമ്പനി നേരിട്ടിരുന്നത്.






