
മോസ്കൊ: പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയതോടെ റഷ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതിയിൽ വർധന. റഷ്യയുടെ എണ്ണ, ഇന്ധന കയറ്റുമതി വരുമാനം മാർച്ചിൽ ഏകദേശം ഇരട്ടിയായി 1904 കോടി ഡോളറായി ആണ് ഉയർന്നത്.
പ്രതിമാസം 2 .7 ലക്ഷം ബാരൽ ആണ് കയറ്റുമതിയിലെ വർധന. കടൽമാർഗമുള്ള കയറ്റുമതി ഉയർന്നതാണ് വരുമാനം വർധിക്കാൻ പ്രധാന കാരണം. ഫെബ്രുവരിയിലെ 975 കോടി ഡോളറിൽ നിന്ന് വരുമാനം കുത്തനെ ഉയർന്നു.
ജനുവരി അവസാനം മുതൽ ഉക്രെയ്ൻ വഴി ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കുമുള്ള പൈപ്പ്‌ലൈൻ കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്. ഫെബ്രുവരിയിൽ ഇത് ഒരു ദിവസം ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ 86 .7 കോടി ബാരൽ ആയിരുന്നെങ്കിൽ മാർച്ചിൽ റഷ്യയുടെ അസംസ്കൃത എണ്ണ ഉത്പാദനം 89 .6 കോടി ബാരൽ ആയി വർദ്ധിച്ചു. ഇൻ്റർനാഷണൽ എനർജി ഏജൻസിയാണ് വിവരങ്ങൾ പുറത്ത് വിട്ടത്.
2022 ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം മോസ്കോയുടെ എണ്ണ വരുമാനം ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. റഷ്യയെ സംബന്ധിച്ചിടത്തോളം എണ്ണയിൽ നിന്നുള്ള വരുമാനം നിർണായകമാണ്. രാജ്യത്തെ ബജറ്റ് വിഹിതം, സൈനിക ചെലവുകൾ എന്നിവയിലെല്ലാം ഈ വരുമാനം നിർണായകമാണ്.
അതേസമയം എണ്ണ ഉൽപാദനം കൂടുതൽ ഉയർത്തുന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.






