
പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 8.2 ശതമാനത്തിലേക്ക് കുതിച്ചുയർന്നെന്ന റിപ്പോർട്ട് പുറത്തുവന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സാമ്പത്തികശക്തിയായി (ഫാസ്റ്റസ്റ്റ് ഗ്രോവിങ് മേജർ ഇക്കണോമി) മുന്നേറുകയുമാണ് ഇന്ത്യ. ജിഡിപി വളർച്ചയെക്കുറിച്ച് റിപ്പോർട്ടുകൾ വരുമ്പോഴെല്ലാം ഉയർന്നു വരുന്ന വിഷയമാണ് ‘പെർ ക്യാപിറ്റ ജിഡിപി’യും (ആളോഹരി ജിഡിപി) കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട് 2024-25 പ്രകാരം രാജ്യത്ത് ജിഡിപി പെർ ക്യാപിറ്റയിൽ ഏറ്റവും മുന്നിലുള്ളത് മുംബൈയോ ന്യൂഡൽഹിയോ ഒന്നുമല്ല. ഒരു അപ്രതീക്ഷിത താരമാണ്; അതും തെലങ്കാനയിൽ നിന്ന്. തെലങ്കാനയുടെ വ്യാവസായിക ഹബ്ബായി വളരുന്ന രംഗറെഡ്ഡി ജില്ലയ്ക്കാണ് ഒന്നാംസ്ഥാനം. ആദ്യ പത്തിൽ കേരളത്തിൽ നിന്നുള്ള ജില്ലകളില്ല.
രംഗറെഡ്ഡിയുടെ ആവേശം
വ്യവസായിക വളർച്ചയ്ക്ക് വലിയ ഊന്നൽ നൽകുന്ന സംസ്ഥാനമാണ് തെലങ്കാന. ഐടി, ഫാർമ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ സാന്നിധ്യവുമാണ് പട്ടികയിൽ കയറിക്കൂടാനും ഒന്നാംസ്ഥാനംതന്നെ നേടാനും രംഗറെഡ്ഡിക്ക് കരുത്തായത്. ഏകദേശം 11.46 ലക്ഷം രൂപ ജിഡിപി പെർ ക്യാപിറ്റയുമായാണ് രംഗറെഡ്ഡിയുടെ ജൈത്രയാത്ര.
ടോപ് 10ലെ മറ്റ് ജില്ലകൾ
ഗുരുഗ്രാം (ഹരിയാന), ബെംഗളൂരു അർബൻ (കർണാടക), ഗൗതം ബുദ്ധ നഗർ (നോയിഡ, യുപി), സോളൻ (ഹിമാചൽ പ്രദേശ്), നോർത്ത് ആൻഡ് സൗത്ത് ഗോവ, ഗാങ്ടോക് (സിക്കിം), ദക്ഷിണ കന്നഡ (മംഗലാപുരം, കർണാടക), മുംബൈ (മഹാരാഷ്ട്ര), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവയാണ് യഥാക്രമം ടോപ് 10ൽ ഇടംപിടിച്ച മറ്റ് ജില്ലകൾ.
∙ ഗുരുഗ്രാം: ദേശീയ തലസ്ഥാന റീജിയണിൽ (എൻസിആർ) ഉൾപ്പെടുന്നുവെന്നതിന് പുറമേ ഇന്ത്യയുടെ സാമ്പത്തികരംഗത്ത് നിർണായക സ്ഥാനവുമുണ്ടെന്നതാണ് ഗുരുഗ്രാമിനെ രണ്ടാംസ്ഥാനത്തിന് അർഹമാക്കിയത്. 9.05 ലക്ഷം രൂപയാണ് പെർ ക്യാപിറ്റ ജിഡിപി.
∙ ഗൗതം ബുദ്ധ നഗർ: വ്യാവസായിക സ്ഥാപനങ്ങളുടെ സാന്നിധ്യമാണ് രാജ്യതലസ്ഥാനത്തോട് അടുത്തുള്ള ഗൗതം ബുദ്ധ നഗറിനെ സമ്പന്നമാക്കുന്നത്. ജിഡിപി പെർ ക്യാപിറ്റ 8.48 ലക്ഷം.
∙ സോളൻ: ഇന്ത്യയുടെ മഷ്റൂം സിറ്റിയെന്നാണ് വിളിപ്പേര്. പ്രകൃതിസൗന്ദര്യത്താലും സമ്പന്നം. ജിഡിപി പെർ ക്യാപിറ്റ: 8.10 ലക്ഷം.
∙ നോർത്ത് ആൻഡ് സൗത്ത് ഗോവ: വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രം. ആരെയും ആകർഷിക്കുന്ന ബീച്ചുകൾ. ജിഡിപി പെർ ക്യാപിറ്റ: 7.63 ലക്ഷം.
∙ സിക്കിം: ഹിമാലയൻ യാത്ര സ്വപ്നം കാണുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. പ്രസിദ്ധമായ സോംഗോ തടാകവും നാഥുല പാസും ഇവിടെയാണ്. ജിഡിപി പെർ ക്യാപിറ്റ: 7 ലക്ഷം.
∙ ദക്ഷിണ കന്നഡ: ബീച്ചുകളുടെയും ക്ഷേത്രങ്ങളുടെയും ഐസ്ക്രീമിന്റെയും മത്സ്യസമ്പത്തിന്റെയും നഗരം. മലയാളികളുടെ സാന്നിധ്യവും ഏറെ. കന്നഡയ്ക്ക് പുറമേ തുളുവും കൊങ്കണിയും സംസാര ഭാഷകൾ. കുദ്രോളി ക്ഷേത്രവും പനമ്പൂർ ബീച്ചും ഏറെ പ്രസിദ്ധം. ജിഡിപി പെർ ക്യാപിറ്റ: 6.69 ലക്ഷം.
∙ മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. ബോളിവുഡ്, ഛത്രപതി ശിവാജി ടെർമിനസ്, മറൈൻഡ്രൈവ് എന്നിങ്ങനെ ബോംബെയുടെ പൊൻതൂവലുകൾ ഒട്ടേറെ. ജിഡിപി പെർ ക്യാപിറ്റ: 6.57 ലക്ഷം.
∙ അഹമ്മദാബാദ്: ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനം. ഇന്ത്യയിൽ നിന്ന് യുനെസ്കോയുടെ പൈതൃകനഗരമെന്ന പട്ടം ആദ്യമായി സ്വന്തമാക്കിയത് അഹമ്മദാബാദാണ്. ജിഡിപി പെർ ക്യാപിറ്റ: 6.54 ലക്ഷം.






