
ബാംഗ്ലൂർ: യൂണികോൺ ഇന്ത്യ വെഞ്ചേഴ്‌സ് നേതൃത്വം നൽകിയ സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 4 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ച് റീട്ടെയിൽ ടെക് സ്റ്റാർട്ടപ്പായ ഡാൽചിനി. ആർത വെഞ്ച്വർ ഫണ്ട്, ഡൊമിനോസ് ഇന്ത്യയുടെ മുൻ സിഇഒ അജയ് കൗൾ, പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മയുടെ വിഎസ്എസ് ഇൻവെസ്‌കോ തുടങ്ങിയ നിലവിലുള്ള പിന്തുണക്കാരിൽ നിന്നുള്ള പങ്കാളിത്തവും ഈ റൗണ്ടിൽ ഉണ്ടായിരുന്നു.
മുൻ പേടിഎം എക്‌സിക്യൂട്ടീവുമാരായ പ്രേരണ കൽറയും വിദ്യാഭൂഷണും ചേർന്ന് 2017-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ഡാൽചിനി. ഇത് ഓട്ടോമേറ്റഡ് കിയോസ്‌ക്കുകൾ, മൊബിലിറ്റി റീട്ടെയിൽ, വെൻഡിംഗ് മെഷീനുകൾ എന്നിവയിലൂടെ ലഘുഭക്ഷണങ്ങളും ഹോം-സ്റ്റൈൽ ഭക്ഷണങ്ങളും വിൽക്കുന്നു. നിലവിൽ ഡാൽചിനി ആപ്പിന് പ്രതിമാസം 2 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയിലെ 10 ദശലക്ഷം റീട്ടെയിൽ പോയിന്റുകളിലേക്കും 450-ലധികം നേരിട്ടുള്ള ഉപഭോക്തൃ ബ്രാൻഡുകളിലേക്കും അതിന്റെ പരിഹാരങ്ങൾ ലഭ്യമാക്കാൻ കമ്പനി പദ്ധതിയിടുന്നു. 2022 സാമ്പത്തിക വർഷത്തിൽ 12 കോടി രൂപ വരുമാനം നേടിയ ഡാൽചിനി 12 മാസത്തിനുള്ളിൽ 50 കോടി രൂപയുടെ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിലെ 20 ലധികം നഗരങ്ങളിൽ സ്റ്റാർട്ടപ്പിന് സാന്നിധ്യമുണ്ട്.