ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

കരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കും

കൊച്ചി: ബാങ്കിങ് മേഖലയുടെ പണ ലഭ്യതയിൽ അനുഭവപ്പെടുന്ന കമ്മി ഏതാനും മാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് ആശങ്ക. ബാങ്കുകളുടെ ആവശ്യങ്ങൾക്കായി 1.87 ലക്ഷം കോടി രൂപ കൂടി ലഭ്യമാക്കുമെന്നു കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് (ആർബിഐ) അറിയിച്ചെങ്കിലും അതിന്റെ പ്രയോജനം താൽക്കാലികമായിരിക്കുമെന്നാണു ബാങ്കിങ് വ്യവസായവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.

ബാങ്കുകളുടെ കരുതൽ ധന അനുപാതത്തിൽ (സിആർആർ) 0.25 ശതമാനമെങ്കിലും കുറവു വരുത്തുക കൂടി ചെയ്‌താൽ പ്രശ്‌നത്തിനു പരിഹാരമാകുമെന്നും അവർ നിർദേശിക്കുന്നു.
നവംബറിൽ 1.35 ലക്ഷം കോടി രൂപയുടെ അധിക പണ ലഭ്യതയാണു ബാങ്കിങ് മേഖലയിലുണ്ടായിരുന്നത്. എന്നാൽ ഡിസംബറിൽ അനുഭവപ്പെട്ടത് 65,000 കോടിയുടെ കമ്മിയാണ്.

ജനുവരിയിൽ കമ്മി 2.07 ലക്ഷം കോടിയായി. കഴിഞ്ഞ മാസം അവസാനത്തെ കണക്കു പ്രകാരം കമ്മി 1.59 ലക്ഷം കോടി രൂപയായിരുന്നു. ​ഇക്കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ചു കമ്മി 55,000 കോടി മാത്രമാണെങ്കിലും ആദായ നികുതിയുടെ മുൻകൂർ തവണ, ജിഎസ്‌ടി എന്നീ ആവശ്യങ്ങൾക്കായി ഈ മാസം വൻ തുക പിൻവലിക്കപ്പെടുമെന്നതിനാൽ കമ്മി ഭീമമായി വർധിക്കും.

ഇതു പരിഗണിച്ചാണു 12 – 24 തീയതികൾക്കിടയിൽ 1.87 ലക്ഷം കോടി രൂപ ബാങ്കിങ് മേഖലയ്‌ക്കു ലഭ്യമാക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുള്ളത്.

ബാങ്കുകൾ നിക്ഷേപത്തിന് ആനുപാതികമായി ആർബിഐയിൽ സൂക്ഷിക്കേണ്ട കരുതൽ ധനം നിലവിൽ നാലു ശതമാനമാണ്. ഇതു 3.75 ശതമാനമായി കുറച്ചാൽ പണലഭ്യത മെച്ചപ്പെടും.

എന്നാൽ രൂപയുടെ വില സ്‌ഥിരത ലക്ഷ്യമിട്ടു ഡോളർ വിൽപന തുടരേണ്ടി വന്നാൽ നില തുടർന്നും പരുങ്ങലിലായിരിക്കും. ​കരുതൽ ധന അനുപാതത്തിൽ കുറവു വരുത്തുക എന്ന നിർദേശം ഏതാനും ദിവസം മുൻപ് എസ്ബിഐയുടെ ഗവേഷണ റിപ്പോർട്ടിലും ഉന്നയിക്കപ്പെട്ടിരുന്നു. ​

നീണ്ട ഇടവേളയ്‌ക്കു ശേഷം ആർബിഐ കഴിഞ്ഞ മാസം വായ്‌പാ നിരക്കിൽ 0.25% കുറവു വരുത്തുകയുണ്ടായെങ്കിലും നിരക്കിളവിന്റെ ആനുകൂല്യം എല്ലാ ബാങ്കുകളും ഇടപാടുകാർക്ക് അനുവദിച്ചുകൊടുത്തിട്ടില്ല.

X
Top