കൊച്ചി: നാണയപ്പെരുപ്പം നാല് ശതമാനത്തിലേക്ക് താഴാതെ മുഖ്യ പലിശ നിരക്കുകളിൽ കുറവ് വരുത്തില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് വ്യക്തമാക്കി.
അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഈ വർഷം കുറയുമെന്ന സൂചനയാണ് നൽകിയിരുന്നത്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റ തോത് കുറഞ്ഞുവെങ്കിലും അപകട സാദ്ധ്യത പൂർണമായും ഒഴിയാതെ നിരക്ക് കുറയ്ക്കാൻ ആലോചനയില്ല.
ഇന്ത്യയിലെ ആഭ്യന്തര സാഹചര്യങ്ങൾ മാത്രമാണ് ധന അവലോകന നയത്തിൽ പരിഗണിക്കുന്നത്. നിലവിൽ നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ദാവോസിൽ റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം മൂലം ഡിസംബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 5.7 ശതമാനമായി ഉയർന്നിരുന്നു.