
ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസ് 2025-26 സാമ്പത്തിക വർഷത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ നികുതിക്കുശേഷമുള്ള ലാഭം 21.8 ശതമാനം ഉയർന്ന് 31,961 കോടിയായി. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 26,232 കോടി ആയിരുന്നു.
കമ്പനിയുടെ പ്രവർത്തന വരുമാനം 9 ശതമാനം വർധിച്ച് 42,367 കോടിയിലെത്തിയപ്പോൾ, മുൻവർഷം ഇത് 38,860 കോടി ആയിരുന്നു. കമ്പനിയുടെ മൊത്തം ആസ്തി 2.1 ലക്ഷം കോടിയിലേറെയും അറ്റമൂല്യം 1.4 ലക്ഷം കോടിയിലേറെയും എത്തിയതായി വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാൽ, ഗ്രൂപ്പിന്റെ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സാമ്പത്തിക പ്രകടനം ഇപ്പോഴും സമ്മർദ്ദത്തിലാണ് . 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വാർഷിക നഷ്ടം 22,238 കോടിയായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികമാണ്.
ഇന്ധനവിലയിലെ വർധന, പശ്ചിമേഷ്യയിലെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെത്തുടർന്നുള്ള ദൈർഘ്യമേറിയ റൂട്ടുകൾ, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, വിമാനങ്ങളുടെ നവീകരണ ചെലവുകൾ എന്നിവയാണ് നഷ്ടം വർധിക്കാൻ പ്രധാന കാരണങ്ങളായി ടാറ്റ സൺസ് ചൂണ്ടിക്കാട്ടുന്നത്.
ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറയുന്നതനുസരിച്ച്, എയർ ഇന്ത്യയുടെ പുനരുജ്ജീവനം ഹ്രസ്വകാല പദ്ധതിയല്ല. ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റാൻ 5 മുതൽ 10 വർഷം വരെ വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
പുതിയ വിമാനങ്ങൾ ഏറ്റുവാങ്ങൽ, പഴയ വിമാനങ്ങളുടെ കാബിൻ നവീകരണം, ഡിജിറ്റൽ സംവിധാനങ്ങളുടെ ആധുനികവൽക്കരണം, സമയനിഷ്ഠ മെച്ചപ്പെടുത്തൽ, ഉപഭോക്തൃ സേവന നിലവാരം ഉയർത്തൽ, ജീവനക്കാരുടെ പരിശീലനം എന്നിവയിൽ വൻ നിക്ഷേപം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം ഇതുവരെ ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയിലേക്ക് ഒഴുക്കിയിരിക്കുന്നത്. 470 വിമാനങ്ങൾ വാങ്ങാനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറിന് പിന്നാലെ 2024-ൽ കൂടുതൽ 100 വിമാനങ്ങൾക്കും ഓർഡർ നൽകിയിരുന്നു. ഇതോടെ ആകെ 570 പുതിയ വിമാനങ്ങളാണ് എയർ ഇന്ത്യയുടെ വികസന പദ്ധതിയുടെ ഭാഗമാകുന്നത്.
വാർഷിക റിപ്പോർട്ടിൽ എയർ ഇന്ത്യയ്ക്ക് പുറമെ ടാറ്റ ഡിജിറ്റൽ, ടാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ ഭാവി വളർച്ചാ മേഖലകളിലും വൻ നിക്ഷേപം തുടരുന്നതായി പറയുന്നു. ഈ പുതിയ സംരംഭങ്ങൾ ഉൾപ്പെടെ ഗ്രൂപ്പിന്റെ പുതിയ ബിസിനസുകൾ FY26-ൽ ചേർന്ന് ഏകദേശം 28,800 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയെങ്കിലും, ദീർഘകാല മൂല്യസൃഷ്ടി ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങളാണിവയെന്ന് ടാറ്റ സൺസ് വ്യക്തമാക്കി.






