
മുംബൈ: ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ പ്രമുഖ കമ്പനിയായ റെസര്പേ ഓഹരി വിപണിയിലേക്ക്. 5,000 കോടി മുതല്‍ 6,000 കോടി രൂപ വരെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഐപിഒയിലൂടെ അഞ്ച് ബില്യണ്‍ ഡോളര്‍ ഏകദേശം 50,000 കോടി രൂപ മൂല്യനിര്‍ണയമാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപണി സാഹചര്യങ്ങളും നിക്ഷേപകരുടെ താല്പര്യവും അനുകൂലമായാല്‍ 2027 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് റെസര്പേയുടെ നീക്കം. എന്നാല്‍ അന്തിമ തീയതി സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
2014ല്‍ ഹര്‍ഷില്‍ മാത്തൂറും ശശാങ്ക് കുമാറും ചേര്‍ന്ന് സ്ഥാപിച്ച റെസര്പേ, ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമെന്ന നിലയില്‍ ആരംഭിച്ച് ഇന്ന് ബിസിനസുകള്‍ക്കായുള്ള സമഗ്ര സാമ്പത്തിക സേവന പ്ലാറ്റ്ഫോമായി വളര്‍ന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ പണമിടപാടുകള്‍ സ്വീകരിക്കുന്നതിനും കൈമാറുന്നതിനും പുറമെ ബിസിനസ് ബാങ്കിങ്, പേറോള്‍, വായ്പാ സേവനങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ചെറുകിട-ഇടത്തരം സംരംഭങ്ങളും വന്‍കിട കമ്പനികളും വരെ റെസര്പേയുടെ ഉപഭോക്താക്കളാണ്. 2020ല്‍ യൂണികോണ്‍ പദവി നേടിയ കമ്പനി, പേയ്മെന്റ് രംഗത്തെ സാന്നിധ്യം വിപുലീകരിച്ച് ബിസിനസുകള്‍ക്ക് ആവശ്യമായ വിവിധ സാമ്പത്തിക സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.






