Alt Image
118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆

എസ്ബിഐയുടെ അറ്റാദായത്തിൽ 14.28 ശതമാനം വർധന

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ അറ്റാദായം 14.28 ശതമാനം വർധിച്ച് 23,038 കോടി രൂപയിലെത്തി. ഇതേ കാലയളവിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 7.28 ശതമാനം വാർഷിക വളർച്ചയോടെ 34,226 കോടി രൂപയായും ഉയർന്നിട്ടുണ്ട്.

കൂടാതെ അറ്റ പലിശ വരുമാനം 14.69 ശതമാനം വർധിച്ച് 49,143 കോടി രൂപയായി. അർദ്ധ വാർഷിക കണക്കുകൾ പ്രകാരം ബാങ്കിന്റെ ആസ്തികളിൽ നിന്നുള്ള വരുമാനം 1.14 ശതമാനവും ഓഹരി മൂലധനത്തിൽ നിന്നുള്ള വരുമാനം 18.68 ശതമാനവുമാണ്.

ബാങ്കിന്റെ മൊത്തം ബിസിനസ്സ് ഏകദേശം 115 ലക്ഷം കോടി രൂപയിലെത്തി. മൊത്തം നിക്ഷേപങ്ങൾ 12.27 ശതമാനം വാർഷിക വളർച്ചയോടെ 63 ലക്ഷം കോടി രൂപയായി. ബാങ്ക് നൽകിയ മൊത്തം വായ്പകൾ 17.84 ശതമാനം വാർഷിക വളർച്ചയോടെ 52 ലക്ഷം കോടി രൂപയായി.

ആഭ്യന്തര വായ്പകൾ 16.94 ശതമാനവും, വിദേശ വായ്പകൾ ഡോളർ മൂല്യത്തിൽ 13.84 ശതമാനവും വളർച്ച നേടി. റീട്ടെയിൽ വ്യക്തിഗത വായ്പകളിൽ 14.54 ശതമാനവും കോർപ്പറേറ്റ് വായ്പകളിൽ 16.12 ശതമാനവും കാർഷിക വായ്പകളിൽ 22.64 ശതമാനവും എസ്എംഇ വായ്പകളിൽ 21.97 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിലും കാര്യമായ പുരോഗതിയുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 34 ബേസിസ് പോയിന്റ് കുറഞ്ഞ് 1.39 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 6 ബേസിസ് പോയിന്റ് കുറഞ്ഞ് 0.36 ശതമാനത്തിലെത്തി.

രണ്ടാം പാദത്തിന്റെ അവസാനത്തിൽ ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 16.09 ശതമാനമാണ്. പ്രൊവിഷൻ കവറേജ് അനുപാതം നിലവിൽ 74.43 ശതമാനമാണെന്നും ബാങ്ക് വ്യക്തമാക്കി.

X
Top