
ശിശു വികസനത്തിനും തെറാപ്പിക്കുമുള്ള പ്ലാറ്റ്‌ഫോം ആയ മംസ് ബിലീഫിന്റെ മാതൃകമ്പനിയായ റേസ് ഓഫ് ബിലീഫ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 1ന് ആരംഭിക്കും. സെപ്‌റ്റംബര്‍ 3 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്.
സെപ്‌റ്റംബറിലെ ആദ്യത്തെ മെയിന്‍ബോര്‍ഡ് ഐപിഒ ആയിരിക്കും ഇത്. ഓഗസ്റ്റില്‍ 19 മൊത്തം മെയിന്‍ബോര്‍ഡ് ഐപിഒകള്‍ ആണ് വിപണിയിലെത്തുന്നത്. ഇഷ്യു വില പ്രഖ്യാപിച്ചിട്ടില്ല.
സെപ്‌റ്റംബര്‍ 4ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. സെപ്‌റ്റംബര്‍ 8ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും. ഐപിഒ വഴി ഏകദേശം 150 കോടി രൂപയാണ് റേസ് ഓഫ് ബിലീഫ് സമാഹരിക്കുന്നത്.
പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്. 52.3 ലക്ഷം ഓഹരികളായിരിക്കും വില്‍ക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി നിലവിലുള്ള ഓഹരിയുടമകള്‍ വില്‍പ്പന നടത്തുന്നില്ല. ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ ഏകദേശം 600 കോടി രൂപയായിരിക്കും കമ്പനിയുടെ വിപണിമൂല്യം.
കഴിഞ്ഞ ഒക്‌ടോബറില്‍ റേസ് ഓഫ് ബിലീഫിന് സെബിയില്‍ നിന്നും ഐപിഒ അനുമതി ലഭിച്ചിരുന്നു. ഇന്ത്യയിലെ 57 നഗരങ്ങളിലായി 136 കേന്ദ്രങ്ങളിലൂടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 58,000ത്തിലധികം കുട്ടികള്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്.
കമ്പനിയുടെ എല്ലാ കേന്ദ്രങ്ങളും ലീസ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഓഹരി ഇഷ്യൂവിലൂടെ സമാഹരിക്കുന്ന തുകയില്‍ നിന്ന് 41.3 കോടി രൂപ ലീസ് അടിസ്ഥാനത്തിലുള്ള പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ സാങ്കേതികവിദ്യക്കായുള്ള ചെലവുകള്‍ക്കുമായി വിനിയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കൂടാതെ ഇന്ത്യയിലെ നിലവിലുള്ള കേന്ദ്രങ്ങളുടെ ലീസ് പേയ്‌മെന്റുകള്‍ക്കായി 14.4 കോടി രൂപ വിനിയോഗിക്കും. അമേരിക്കയിലെ നിലവിലുള്ള കേന്ദ്രങ്ങളുടെ ലീസ്-ലൈസന്‍സ് പേയ്‌മെന്റുകള്‍ക്കായി 10.1 കോടി രൂപ നിക്ഷേപിക്കും.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 4.9 കോടി രൂപ ലാഭവും 81.6 കോടി രൂപയുടെ വരുമാനവും കൈവരിച്ചു.






