
മുംബൈ: ക്വാഡ്രന്റ് ഫ്യൂച്ചര്‍ ടെക് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജനുവരി ഏഴിന് തുടങ്ങും. 290 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. ജനുവരി ഒന്‍പത് വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം. 275-290 രൂപയാണ് ഇഷ്യു വില.
പത്ത് രൂപ മുഖവിലയുള്ള 50 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജനുവരി 14ന് സ്റ്റാന്റേര്‍ഡ് ക്വാഡ്രന്റ് ഫ്യൂച്ചര്‍ ടെക്കിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് കമ്പനി നടത്തുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി നിലവിലുള്ള ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.
ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ 65.14 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇക്കാലയളവില്‍ കമ്പനി 12.10 കോടി രൂപ നഷ്‌ടമാണ് നേരിട്ടത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 152.8 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 2023-24ല്‍ 151.75 കോടി രൂപയായി കുറഞ്ഞു. ഇക്കാലയളവില്‍ എട്ട് ശതമാനം വളര്‍ച്ചയോടെ ലാഭം 13.88 കോടി രൂപയില്‍ നിന്നും 14.88 കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യന്‍ റെയില്‍വെയുടെ കവാച്ച് പദ്ധതിക്കു വേണ്ടി തീവണ്ടികളുടെ നിയന്ത്രണത്തിനു വേണ്ടിയുള്ള സിഗ്നല്‍ സംവിധാനം വികസിപ്പിക്കുകയാണ് ക്വാഡ്രന്റ് ഫ്യൂച്ചര്‍ ടെക് പ്രധാനമായും ചെയ്യുന്നത്.






