പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

കുത്തനെ ഇടിഞ്ഞ് പൈനാപ്പിള്‍ വില

കോട്ടയം: പൈനാപ്പിള്‍ വിളവെടുപ്പ് എത്തിയതോടെ തുള്ളി മധുരിക്കാതെ കര്‍ഷകര്‍ വന്‍ നഷ്ടത്തില്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷവും കാലാവസ്ഥാ വ്യതിയാനവും പൈനാപ്പിളിന്‍റെ വില കുത്തനെ ഇടിച്ചു. പ്രീമിയം കൈതച്ചക്ക കിലോയ്ക്ക് നിലവില്‍ വില 26 രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയം 50 രൂപ. 2024ല്‍ 49 രൂപ.

ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രക്കുകളുടെ വരവ് കുറഞ്ഞതാണ് സീസണിലെ പ്രധാന പരിമിതി.

റസ്റ്ററന്‍റുകള്‍ അടഞ്ഞതോടെ പൈനാളിന് ലോക്കല്‍ ആവശ്യക്കാര്‍ കുറഞ്ഞു. ആഴ്ചകള്‍ നീണ്ട യാത്രയില്‍ ഭക്ഷണം കിട്ടാനുള്ള പരിമിധിയും ട്രക്ക് ജീവനക്കാരെ വലയ്ക്കുന്നു. വടക്കേ ഇന്ത്യയില്‍ വിവാഹസീസണ്‍ വരികയാണ്. ട്രക്കുവരവ് നിലയ്ക്കുന്നതോടെ വിവാഹ ആവശ്യത്തിനും ആവശ്യക്കാരില്ലാതാകും.

വിമാന സര്‍വീസുകള്‍ ദിവസേന റദ്ദാക്കുന്നതിനാല്‍ ഗള്‍ഫിലേക്കും പൈനാപ്പിള്‍ കയറ്റുമതി നടക്കുന്നില്ല. റംസാന്‍, ഹോളി വേളയില്‍ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പൈനാപ്പിള്‍ ഇരുപതു ദിവസം വൈകിയാണ് പാകമായത്. ഇതോടെ കൈതച്ചക്കയ്ക്ക് വിപണിയും വില്പനയുമില്ല.

120 ദിവസമാണ് ശരാശരി വിളവുകാലം. റംസാനും ഹോളിയും ഒരേസമയം വന്നത് ഉത്തരേന്ത്യയിലേക്കുള്ള ലോറി സര്‍വീസുകളെ ബാധിച്ചു. വിഷുവിനും കാര്യമായ വില്പന നാട്ടിലും മറുനാട്ടിലും പ്രതീക്ഷിക്കുന്നില്ല. റബര്‍ ഇടവിളയായും തനിച്ചും കേരളത്തില്‍ ഏകദേശം 60,000 ഏക്കര്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നുണ്ട്.

ഏകദേശം ആറു ലക്ഷം ടണ്‍ പൈനാപ്പിള്‍ വിളയിക്കുന്നതിലൂടെ 2000 കോടിയുടെ വരുമാനമുണ്ട്. തോട്ടം മൂന്നു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവര്‍ക്ക് ഒന്നാം വര്‍ഷം ഏക്കറിന് രണ്ടര ലക്ഷം രൂപയുടെ ചെലവുണ്ട്. രണ്ടും മൂന്നും വര്‍ഷങ്ങളിലും ഏക്കറിന് ഒരു ലക്ഷം രൂപ മുടക്കുവരും. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ മാത്രമാണ് കര്‍ഷകര്‍ക്ക് കാര്യമായ വിളവു ലഭിക്കുക.

ലോണെടുത്തും കടംവാങ്ങിയും വലിയ അളവില്‍ കൃഷിയിറക്കിയ പാട്ടകര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് ഈ സീസണിലുണ്ടാവുക. കൂലിച്ചെലവ്, വെള്ളം, വളം, കന്നാര തൈ എന്നിവയുടെ ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്.

അഞ്ചു വര്‍ഷത്തിനുള്ളല്‍ കൃഷി ചെലവില്‍ 50 ശതമാനത്തോളം വര്‍ധനവുണ്ട്. ഇതിനൊപ്പം കൈതകൃഷിയിലെ പതിവു ജോലിക്കാരായ ബംഗാളികള്‍ ഒന്നടങ്കം നാട്ടിലേക്കു മടങ്ങിയതും വിളവെടുപ്പ് പ്രതസന്ധിയിലാക്കി.

പൈനാപ്പിള്‍ വിപണിയില്‍ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വിലയിടിഞ്ഞത്. സ്‌പെഷല്‍ ഗ്രേഡ് പൈനാപ്പിളിനു കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 52 രൂപയുണ്ടായിരുന്നതു നിലവില്‍ 34 രൂപ മാത്രമാണ്. സെലക്ഷന് കഴിഞ്ഞുള്ള ചെറു പൈനാപ്പിളുകള്‍ക്ക് കിലോ 15 രൂപയിലേക്ക് വില താഴ്ന്നു.

X
Top