
ന്യൂഡല്‍ഹി: ലോക്ക് ഇന്‍ കാലവധി കഴിഞ്ഞതിനെ തുടര്‍ന്ന് പേടിഎം ഉടമകളായ വണ്‍ 97 കമ്യൂണിക്കേഷന്‍ വ്യാഴാഴ്ച ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടു. 10.25 ശതമാനം താഴ്ച വരിച്ച് 538.80 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. ബ്ലുംബര്‍ഗ് പറയുന്നതനുസരിച്ച് ബ്ലോക്ക് ഡീലുകള്‍ വഴി കമ്പനിയുടെ 29.50 ദശലക്ഷം എണ്ണം അഥവാ 4.5 ശതമാനം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
സോഫ്റ്റ് ബാങ്ക് 215 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.നിലവിലെ വിപണി വിലയേക്കാള്‍ 7.72 ശതമാനം കിഴിവിലാണ് ജാപ്പാനീസ് നിക്ഷേപകര്‍ ഓഹരി വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 30 വരെ, സോഫ്റ്റ് ബാങ്കിന് എസ്വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് വഴി കമ്പനിയില്‍ 17.45 ശതമാനം ഓഹരിയാണുണ്ടായിരുന്നത്.
ബ്ലോക്ക് ഇടപാടിന് ശേഷം ഓഹരി 13 ശതമാനമായി കുറയാനാണ് സാധ്യത. മസയോഷി സണ്‍സ് എസ്വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് പേടിഎം ഓഹരികള്‍ ശരാശരി 900 രൂപ നിരക്കിലാണ് സ്വന്തമാക്കിയത്. നവംബര്‍ 16 ലെ ക്ലോസിംഗ് വിലയായ 601 രൂപ വച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിക്ഷേപം 33 ശതമാനം കുറഞ്ഞു.
നോര്‍ജസ് ബാങ്ക്, സെഗാന്റി, മില്ലേനിയം, എല്‍എംആര്‍, ഗിസല്ലോ എന്നിവരാണ് സോഫ്റ്റ്ബാങ്കില്‍ നിന്ന് ഓഹരികള്‍ വാങ്ങിയത്.