മുംബൈ: ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ ഓഹരി വില ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇന്നലെ എന്‍എസ്‌ഇയില്‍ 918.35 രൂപയില്‍ ക്ലോസ് ചെയ്‌ത പേടിഎം ഇന്ന് 942.90 രൂപ വരെയാണ് ഉയര്‌ന്നത്.
ആഗോള ബ്രോക്കറേജ് ആയ യുബിഎസ് പേടിഎമ്മില്‍ ലക്ഷ്യമാക്കുന്ന വില 490 രൂപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇന്ന് ഓഹരി വില മൂന്ന് ശതമാനം മുന്നേറിയത്. യുബിഎസ് പേടിഎമ്മിന് നല്‍കിയിരിക്കുന്ന ന്യൂട്രല്‍ എന്ന റേറ്റിംഗ് നിലനിര്‍ത്തി.
കഴിഞ്ഞയാഴ്‌ച മറ്റൊരു ആഗോള ബ്രോക്കറേജ് ആയ ബെര്‍ണ്‍സ്റ്റെയ്‌നും പേടിഎമ്മില്‍ ലക്ഷ്യമാക്കുന്ന വില 750 രൂപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ത്തിയിരുന്നു. ബെര്‍ണ്‍സ്റ്റെയ്‌ന്‍ പേടിഎമ്മിന് നല്‍കിയിരിക്കുന്ന ഔട്ട്‌പെര്‍ഫോം എന്ന റേറ്റിംഗ് നിലനിര്‍ത്തി.
ആറ് മാസത്തിനുള്ളില്‍ പേടിഎമ്മിന്റെ ഓഹരി വില 200 ശതമാനമാണ് ഉയര്‍ന്നത്. റിസര്‍വ് ബാങ്ക് പേടിഎമ്മിന്റെ പേമെന്റ്‌സ് ബാങ്കിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 9ന് 310 രൂപ വരെ പേടിഎം ഇടിഞ്ഞിരുന്നു. എന്നാല്‍ അതിനു ശേഷം ആറ് മാസത്തിനുള്ളില്‍ പേടിഎമ്മിന്റെ ഓഹരി വില 942.9 രൂപയിലേക്ക് ഉയര്‍ന്നു.
പേടിഎം പേമെന്റ് സര്‍വീസസ് ലിമിറ്റഡില്‍ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതും പേടിഎം തങ്ങളുടെ എന്റര്‍ടെയിന്‍മെന്റ് ആന്റ് ടിക്കറ്റ് ബിസിനസ് ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്‌ക്ക് 2048 കോടി രൂപയ്‌ക്ക് വില്‍ക്കാന്‍ തീരുമാനിച്ചതും ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ പേടിഎം ഓഹരി വില തിരികെ കയറുന്നതിന് വഴിയൊരുക്കി.