
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു.45000-5,000 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന പതഞ്ജലി ഫുഡ് (മുന്‍പ് രുചിസോയ) ഈ നാഴികകല്ല് കൈവരിക്കുന്നതില്‍ നിര്‍ണ്ണായക സംഭാവന നല്‍കും. കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയിലൂടെ 2019 സെപ്റ്റംബറിലാണ് പതഞ്ജലി ഗ്രൂപ്പ് രുചി സോയയെ ഏറ്റെടുത്തത്.
പോര്‍ട്ട്ഫോളിയോ പ്രീമിയൈസേഷന്‍ തന്ത്രത്തിന്റെ ഭാഗമായി, ന്യൂട്രാസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് ബിസ്‌കറ്റ്, ന്യൂട്രേല മില്ലറ്റ് അധിഷ്ഠിത ധാന്യങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവയില്‍ പതഞ്ജലി ഫുഡ്സ് പുതിയ ശ്രേണി ഓഫറുകള്‍ അവതരിപ്പിച്ചു. ഭക്ഷ്യ, എഫ്എംസിജി രംഗത്തെ മുന്‍നിരക്കാരാകാനുള്ള പദ്ധതി കമ്പനി തയ്യാറാക്കിയതായി ബാബ രാംദേവ് ഈയാഴ്ച പറഞ്ഞിരുന്നു.
”പതഞ്ജലി ഗ്രൂപ്പിന്റെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയായും ഞങ്ങളുടെ ലിസ്റ്റുചെയ്ത കമ്പനിയായ പതഞ്ജലി ഫുഡ്സിന്റെ വിറ്റുവരവ് 50,000 കോടി രൂപയായും ഉയര്‍ത്തും,” രാംദേവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
263.7 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 12.5 ശതമാനം കൂടുതലാണിത്.
സ്റ്റാന്റലോണ്‍ വരുമാനം 18.1 ശതമാനം ഉയര്‍ന്ന് 7872.9 കോടി രൂപയിലെത്തി. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായവും വരുമാനവും യഥാക്രമം 2 ശതമാനവും 0.67 ശതമാനവും താഴ്ന്നു. ഫുഡ്, എഫ്എംസിജി എന്നിവയില്‍ നിന്നുള്ള വരുമാനം 452.25 കോടി രൂപയില്‍ നിന്ന് 1,805.18 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
ഭക്ഷ്യ എണ്ണ, വിന്‍ഡ് ടര്‍ബൈന്‍ എന്നിവയില്‍ നിന്നുള്ളവ ഇതേ കാലയളവില്‍ ഇടിഞ്ഞു. ഭക്ഷ്യ എണ്ണയില്‍ നിന്നുള്ള വരുമാനം 6,058.98 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 6,201.78 കോടി രൂപയായിരുന്നു.
വിന്‍ഡ് ടര്‍ബൈനില്‍ നിന്നുള്ള വരുമാനം 9.69 കോടി രൂപയായിരുന്നത് 8.76 കോടി രൂപയായി.






