
ഡൽഹി: മാർക്യൂ നിക്ഷേപകരിൽ നിന്നും പ്രൊമോട്ടർമാരിൽ നിന്നും മുൻഗണനാ വിഹിതം വഴി മൊത്തം 131 കോടി രൂപ സമാഹരിച്ചതായി പ്രഖ്യാപിച്ച് പരാഗ് മിൽക്ക് ഫുഡ്‌സ് ലിമിറ്റഡ്. ഇതിന്റെ ഭാഗമായി നിക്ഷേപകരിൽ നിന്ന് 113 കോടി രൂപയും പ്രൊമോട്ടർമാരിൽ 18.75 കോടിയുമാണ് സമാഹരിച്ചതെന്ന് റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.
ഈ വരുമാനം ദീർഘകാല മൂലധന ആവശ്യങ്ങൾക്കും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാൻ പരാഗ് മിൽക്ക് ഫുഡ്സ് പദ്ധതിയിടുന്നു. ഇത് ബാലൻസ് ഷീറ്റ് കൂടുതൽ ശക്തിപ്പെടുത്താനും ത്വരിതഗതിയിലുള്ള വളർച്ചയിലേക്ക് നയിക്കാനും കമ്പനിയെ സഹായിക്കും. വാർഷിക വരുമാനത്തിൽ 57.6 ശതമാനം വർധനവോടെ കമ്പനി മികച്ച ഒന്നാം പാദ പ്രകടനം കാഴ്‌ചവച്ചിരുന്നു.
പ്രൈഡ് ഓഫ് കൗസ് എന്ന ബ്രാൻഡിന് കീഴിൽ ഉത്പന്നങ്ങൾ വിൽക്കുന്ന പരാഗ് മിൽക്ക് ഫുഡ്സിന് മഹാരാഷ്ട്രയിലെ മഞ്ചാർ, ആന്ധ്രാപ്രദേശിലെ പലമനേർ, ഹരിയാനയിലെ സോനിപത്ത് എന്നിവിടങ്ങളിൽ സ്വന്തമായി നിർമ്മാണ സൗകര്യങ്ങളുണ്ട്. കമ്പനിക്ക് 1090 കോടിയുടെ വിപണി മൂല്യമുണ്ട്.