
ന്യൂഡൽഹി: ചാറ്റ് ജിപിടിയുടെ സ്രഷ്ട്രാക്കളായ ഓപ്പണ്‍ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഓഫീസ് ആരംഭിച്ചേക്കും. ന്യൂഡല്‍ഹിയിലാണ് ഓഫീസിൽ തുടങ്ങുക എന്നാണ് സൂചന.
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗം പുനർനിർവചിക്കാനുള്ള OpenAIയുടെ വലിയ പദ്ധതിയുടെ തറക്കല്ലായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്.
ആഗോളതലത്തില്‍ ഓപ്പണ്‍എഐയുടെ രണ്ടാമത്തെ വലിയ യൂസർ നെറ്റ്ർക്ക് ഇന്ത്യയിലാണ്. പ്രതിവാര ഉപയോഗത്തില്‍ വിദ്യാർഥികളുടെ വൻ കുതിച്ചുചാട്ടമാണ് ഇതിന് കാരണം. കഴിഞ്ഞ വർഷത്തേക്കാള്‍ 4 മടങ്ങ് വർധനവാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്.
ഈ ആഴ്ച, ഇന്ത്യയില്‍ ഓപ്പണ്‍എഐ അവരുടെ ഏറ്റവും വിലകുറഞ്ഞ സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഓപ്പണ്‍ എഐ ഇന്ത്യയില്‍ രജിസ്റ്റർ ചെയ്ത ഒരു നിയമപരമായ സ്ഥാപനമാണ്. കൂടാതെ നിയമനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
അവരുടെ പ്രധാന ലക്ഷ്യം ‘ഇന്ത്യയ്ക്കൊപ്പം, ഇന്ത്യയ്ക്കായി’ AI നിർമ്മിക്കുക എന്നുള്ളതാണെന്ന് സാം ആള്‍ട്ട്മാൻ പറഞ്ഞു.
ChatGPT പരിശീലിപ്പിക്കാൻ സഹായിക്കുന്നതിന് അനുമതിയില്ലാതെ തങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതായി വാർത്താ ഏജൻസികളും പുസ്തക പ്രസാധകരും ആരോപിച്ചതോടെ ഓപ്പണ്‍എഐ ഇന്ത്യയില്‍ നിയമപരമായ വെല്ലുവിളികള്‍ നേരിടുന്നതിനിടെയാണ് കമ്പനിയുടെ ഇന്ത്യ പ്രവേശനമെന്നുള്ളത് ശ്രദ്ധേയമാണ്. എന്നാല്‍ OpenAI ഇതെല്ലാം നിഷേധിച്ചിരുന്നു.