തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളുമായി നേരിട്ടു ബന്ധപ്പെടാത്ത (നോൺ എയ്റോനോട്ടിക്കൽ) സേവനങ്ങളിൽ നിന്ന് അഞ്ചു വർഷത്തേക്കു ലഭിക്കേണ്ട പ്രതീക്ഷിത വരുമാനം അദാനി കമ്പനി കുറച്ചു കാണിച്ചെന്ന് റിപ്പോർട്ട്.
കണക്കു പുതുക്കി നൽകാൻ എയർപോർട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എയ്റ) കമ്പനിക്കു നിർദേശം നൽകി.
2022 ഏപ്രിൽ മുതൽ 2027 മാർച്ച് വരെ ഭക്ഷണം, പാനീയങ്ങൾ തുടങ്ങിയവ വിൽക്കുന്നതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം 103 കോടി രൂപയെന്നാണ് അദാനി ഗ്രൂപ്പ് എയ്റയെ അറിയിച്ചത്.
എന്നാൽ, ഈ കണക്ക് ഏകദേശം നാലു മടങ്ങ് വർധിപ്പിച്ച് 395 കോടി രൂപയെങ്കിലും ആയി പരിഷ്കരിക്കണമെന്നാണ് എയ്റയുടെ നിർദേശം.
2022ൽ അദാനി കമ്പനിക്ക് എയർപോർട്ട് നടത്തിപ്പു ചുമതല കൈമാറുന്നതിനു മുൻപ് ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്നു തുകയാണ് ഇപ്പോൾ നൽകിയ കണക്കെന്ന വിമർശനവുമുണ്ട്.
നോൺ എയ്റോനോട്ടിക്കൽ സേവനങ്ങളുടെ കരാർ 10% ലാഭം പങ്കിടൽ എന്ന വ്യവസ്ഥയോടെ അദാനി ഗ്രൂപ്പിന്റെ തന്നെ ഉപ കമ്പനിക്കു നൽകിയതിനെയും എയ്റ ചോദ്യം ചെയ്തു.
യാത്രക്കാർക്കും വിമാന കമ്പനികൾക്കും ഇതിലൂടെ അധിക നിരക്കു നൽകേണ്ടി വരുന്നുവെന്നും പറയുന്നു.