
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ഫോറന്‍സിക് ലാബായ ആലിബൈ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബ്രേഷന്‍ ലബോറട്ടറീസിന്‍റെ (എന്‍എബിഎല്‍) അംഗീകാരം. എന്‍എബിഎല്‍ അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ഫോറന്‍സിക് ലാബെന്ന നേട്ടം ഇതോടെ ആലിബൈ ഗ്ലോബലിനു സ്വന്തമായി.
പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തിനകം എന്‍എബിഎല്‍ അംഗീകാരം ലഭിക്കുന്നു എന്ന അപൂര്‍വതയും ആലിബൈയ്ക്കുണ്ട്. രണ്ടു വര്‍ഷത്തേക്കാണ് എന്‍എബിഎല്‍ ഫോറന്‍സിക് ലാബുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിബൈ ഗ്ലോബല്‍, സൈബര്‍ ഫോറന്‍സിക് മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മികച്ച ലാബുകളില്‍ ഒന്നാണ്.
എന്‍എബിഎല്‍ അംഗീകൃത ലബോറട്ടറിയായതോടെ ആലിബൈ ഗ്ലോബല്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്നതിനൊപ്പം കോടതി നടപടികളില്‍ കൂടുതല്‍ വിശ്വാസയോഗ്യവുമായെന്ന് ആലിബൈയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗാന്ധിമതി ബാലന്‍ പറഞ്ഞു.