
കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സി മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ സെക്വേർഡ് വിഭാഗത്തിൽപ്പെട്ട എൻസിഡികളുടെ സ്വകാര്യ പ്ലേസ്മെന്റ് വഴി 450 കോടി രൂപ സമാഹരിക്കും.
9.70 മുതൽ 9.95 ശതമാനം വരെ പ്രതിവർഷ പലിശ നിരക്കാവും ഇവയ്ക്ക് ഉണ്ടാവുക. സ്ഥാപനത്തിന്റെ തുടർ വായ്പാ പദ്ധതികൾ, മൂലധന ആവശ്യങ്ങൾ, കടം തിരിച്ചടയ്ക്കൽ, പുനർവായിപ്പുകൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കാകും സമാഹരിക്കുന്ന തുക ഉപയോഗിക്കുക.
ഡിസംബർ, ജനുവരി മാസങ്ങളിലായി 225 കോടി രൂപ വീതം രണ്ടു ഘട്ടങ്ങളിലായാവും തുക സമാഹരിക്കുക. ക്രിസിൽ എ പ്ലസ് പോസിറ്റീവ് റേറ്റിംഗ് ആണ് ഈ എൻസിഡികൾക്ക് ഉള്ളത്.
മുത്തൂറ്റ് മൈക്രോഫിനിന്റെ ഇടക്കാല മൂലധന സ്ഥിതി മെച്ചപ്പെടുത്താനും മൈക്രോ ഫിനാൻസ് രംഗത്തെ വായ്പശേഷി കൂടുതൽ ശക്തമാക്കാനും ഈ നീക്കം സഹായകമാകും. എൻസിഡികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.






