
കൊച്ചി: പൊതുപരിപാടികളിൽ സംഗീതം ഉപയോഗിക്കുന്നതിന് നിലവിലുള്ള താരിഫ് നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്) വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുതാര്യവും ഏകീകൃതവുമായ ഒരു ലൈസൻസിംഗ് സംവിധാനം നടപ്പിലാക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. നിലവിൽ ചില സ്വകാര്യ ഏജൻസികൾ വിവാഹമുൾപ്പെടെയുള്ള സ്വകാര്യ ചടങ്ങുകളിൽ പോലും സംഗീതം ഉപയോഗിക്കുന്നതിന് അമിതമായ ഫീസും ലൈസൻസും ആവശ്യപ്പെടുന്നതാണ് ഈ മേഖലയിലെ പ്രതിസന്ധിക്ക് കാരണം. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗങ്ങൾക്കായി ഇറക്കിയ നിയമങ്ങൾ ഈ ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു. ഏജൻസികൾ അവരുടെ ഇഷ്ടാനുസരണം നടത്തുന്ന വില വർധനവ് തടയുക, സർക്കാരിന്റെ അനുമതിയോടെ മാത്രം നിരക്കിൽ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് ഇമാക് മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.
ഏകജാലക നികുതി സമ്പ്രദായം നടപ്പിലാക്കണമെന്നും ആഡംബര സ്വഭാവമില്ലാത്ത പരിപാടികൾ നടക്കുന്ന വേദികളിലെ ലൈസൻസ് ഫീസ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും, ഈ പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും ഇമാക് അഭ്യർത്ഥിച്ചു. അനധികൃതമായി ഫീസ് ഈടാക്കുന്നതിനെതിരെ നിയമപരമായി നീങ്ങാനും ഇതിനായി വ്യവസായ മേഖലയെ ഒരുമിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയം ചർച്ച ചെയ്യാൻ ഡിസംബർ 4-ന് വൈകുന്നേരം 3 മണിക്ക് കളമശ്ശേരിയിലെ ചക്കോളാസ് പവലിയനിൽ ഒരു വ്യവസായ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. പൊതു പരിപാടികളിൽ പാട്ടുവെയ്ക്കുന്നതിന് ഇത്രയും ഉയർന്ന തുക ഫീസായി ആവശ്യപ്പെടുന്നത് ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു. ഇതിനെതിരെ അടിയന്തര നടപടികൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രശ്നത്തെ ഒറ്റക്കെട്ടായി നേരിടാനും, ഈ രംഗത്തുള്ള ആളുകളെ ബോധവൽക്കരിക്കാനും, ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന ഈ ചൂഷണങ്ങളെ തുറന്നുകാണിക്കാനുമാണ് യോഗം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






