
ന്യൂഡല്‍ഹി: 1:10 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണം ചെയ്യാനൊരുങ്ങുകയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ ശുഭം പോളിസ്പിന്‍ ലിമിറ്റഡ്. 10 ഓഹരികള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് 1 ബോണസ് ഓഹരി ലഭ്യമാക്കും. സെപ്തംബര്‍ 12 ന് ചേരുന്ന വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിയോടെ ബോണസ് ഓഹരി വിതരണം നടക്കും.
2022 മാര്‍ച്ചിലവസാനിച്ച പാദത്തിലെ ലാഭത്തില്‍ നിന്നുള്ള 1,10,20,000 രൂപയാണ് ബോണസ് ഓഹരി വിതരണത്തിനായി ചെലവഴിക്കുക. റെക്കോര്‍ഡ് തീയതി പിന്നീട് അറിയിക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി പറയുന്നു. ഓഗസ്റ്റ് 13 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കിയതോടെയാണ് ബോണസ് ഓഹരി വിതരണം യാഥാര്‍ത്ഥ്യമായത്.
2012 ല്‍ സ്ഥാപിതമായ ഗുജ്‌റാത്ത് ആസ്ഥാനമായ ശുഭം പോളിപ്രൊപൈലിന്‍ മള്‍ട്ടിഫിലാമെന്റ് നൂല്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. ഒക്ടോബര്‍ 2018 ല്‍ ലിസ്റ്റ് ചെയ്ത കമ്പനി ഓഹരി ഇതുവരെ 925 ശതമാനം ഉയര്‍ച്ച കൈവരിച്ചു. 52 ആഴ്ചയിലെ താഴ്ചയായ 112.80 രൂപയില്‍ നിന്നും ഇരട്ടിയായി വളരാനും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഓഹരിയ്ക്ക് സാധിച്ചു.
ഈയിടെ കമ്പനിയുടെ 1,02,000 ഓഹരികള്‍ എഡി ഡൈനാമിക്‌സ് ഫണ്ട് വാങ്ങിയിരുന്നു. 215.05 നിരക്കിലുള്ള ഇടപാട് മൊത്തം 2.19 കോടി രൂപയുടേതാണ്. മാത്രമല്ല, 1152 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിച്ചെന്നും ഇതോടെ വൈദ്യുതി ചെലവ് ലഘൂകരിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.






