
- വായ്പാ കുടിശിക 8,650 കോടി
- മൊത്തം കടം 34,000 കോടിക്ക് മുകളിലും
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗർ ടെലികോം നിഗം ലിമിറ്റഡ് (എംടിഎൻഎൽ) കൂടുതൽ പ്രതിസന്ധിയിലേക്ക്. കമ്പനിയുടെ വായ്പാ കുടിശിക ഈ വർഷം ജൂലൈ 31 പ്രകാരം 8,659 കോടി രൂപയായി. ഇതിൽ 7,794.34 കോടി രൂപ മുതലും 864.75 കോടി രൂപ പലിശയുമാണെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
ജൂൺ 30ലെ കണക്കുപ്രകാരം മൊത്തം വായ്പാ കുടിശിക 8,584.93 കോടി രൂപയായിരുന്നു.
എംടിഎൻഎല്ലിന്റെ മൊത്തം കടബാധ്യത ജൂണിലെ 34,484 കോടി രൂപയിൽ നിന്ന് ജൂലൈയിൽ 34,577 കോടി രൂപയായും ഉയർന്നു. മൊത്തം കടത്തിൽ 8,659 കോടി രൂപ ബാങ്ക് വായ്പകളും 24,071 കോടി രൂപ കടപ്പത്രങ്ങൾ വഴി സമാഹരിച്ച തുകയുമാണ്. 1,921 കോടി രൂപ വായ്പ കേന്ദ്ര ടെലികോം വകുപ്പിൽ നിന്നും നേടിയിരുന്നു.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണ് എംടിഎൻഎൽ. ഓരോ മാസവും കടബാധ്യത സംബന്ധിച്ച അപ്ഡേറ്റ് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ സമർപ്പിക്കാറുമുണ്ട്. കടവും കുടിശികയും കൂടിയെന്ന റിപ്പോർട്ടുകൾക്കിടയിലും എംടിഎൻഎൽ ഓഹരികൾ നേട്ടത്തിലാണ്.
കഴിഞ്ഞവർഷം ഓഗസ്റ്റ് 22ലെ 68.45 രൂപയാണ് എംടിഎൻഎൽ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഈ വർഷം മാർച്ച് 3ലെ 37.42 രൂപയും.
സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ, ഓരോ ബാങ്കിനും വീട്ടാനുള്ള വായ്പ കുടിശികയുടെ കണക്കും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എംടിഎൻഎൽ വായ്പാക്കുടിശിക വരുത്തുന്നത് ഈ ബാങ്കുകൾക്കും തിരിച്ചടിയാണ്.
കണക്ക് ഇങ്ങനെ:
∙ യൂണിയൻ ബാങ്ക് : 3,768.37 കോടി രൂപ
∙ ഇന്ത്യൻ ഓവർസീസ് ബാങ്ക് : 2,455.01 കോടി രൂപ
∙ ബാങ്ക് ഓഫ് ഇന്ത്യ : 1,131.54 കോടി രൂപ
. പഞ്ചാബ് നാഷണൽ ബാങ്ക് : 478.26 കോടി രൂപ
∙ എസ്ബിഐ : 363.43 കോടി രൂപ
∙ യൂകോ ബാങ്ക് : 276.08 കോടി രൂപ
∙ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് : 186.40 കോടി രൂപ.






