ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

ടാറ്റാ സൺസിനെ പബ്ലിക് ലിസ്റ്റിംഗിൽ നിന്ന് ഒഴിവാക്കാൻ നീക്കം; രണ്ട് ഗ്രൂപ്പ് കമ്പനികളെ ടാറ്റാ സൺസിൽ ലയിപ്പിക്കാൻ ടാറ്റാ ട്രസ്റ്റ് ശുപാർശ

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിനെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ പുനഃസംഘടനാ നിർദ്ദേശവുമായി ടാറ്റാ ട്രസ്റ്റ്.

ടാറ്റാ ഗ്രൂപ്പിലെ രണ്ട് പ്രമുഖ കമ്പനികളായ ടാറ്റാ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ്, ടാറ്റാ കൺസൾട്ടിംഗ് എൻജിനീയേഴ്സ് എന്നിവയെ ടാറ്റാ സൺസുമായി ലയിപ്പിക്കാനാണ് ടാറ്റാ ട്രസ്റ്റ് നിർദ്ദേശിച്ചിരിക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധനകൾ അനുസരിച്ച് ടാറ്റാ സൺസ് നിലവിൽ ‘അപ്പർ ലെയർ’ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി, കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നീ വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്.

ഈ കാറ്റഗറിയിൽപ്പെടുന്ന കമ്പനികൾ നിർബന്ധമായും ഓഹരി വിപണിയിൽ പബ്ലിക് ലിസ്റ്റിംഗ് നടത്തണമെന്നാണ് ആർ.ബി.ഐ വ്യവസ്ഥ. എന്നാൽ, ടാറ്റാ സൺസിനെ ഒരു സ്വകാര്യ അൺലിസ്റ്റഡ് കമ്പനിയായി നിലനിർത്താനാണ് ടാറ്റാ ട്രസ്റ്റ് ആഗ്രഹിക്കുന്നത്.

രണ്ട് ഓപ്പറേറ്റിംഗ് കമ്പനികളെ ടാറ്റാ സൺസിലേക്ക് ലയിപ്പിക്കുന്നതോടെ കമ്പനിയുടെ വരുമാന ഘടന പൂർണ്ണമായും മാറും.

സാമ്പത്തിക നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തേക്കാൾ കൂടുതൽ തുക നേരിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്ന് ലഭ്യമാകുന്നതോടെ ടാറ്റാ സൺസ് എൻ.ബി.എഫ്.സി അല്ലെങ്കിൽ സി.ഐ.സി പരിധിയിൽ നിന്ന് സ്വാഭാവികമായി ഒഴിവാക്കപ്പെടും.

ഇതോടെ ലിസ്റ്റിംഗ് മാനദണ്ഡങ്ങളിൽ നിന്ന് വിടുതൽ നേടാമെന്നാണ് ട്രസ്റ്റിന്റെ കണക്കുകൂട്ടൽ. ഈ പുനഃസംഘടനാ നിർദ്ദേശം ടാറ്റാ സൺസ് ബോർഡിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.

ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തിന് ശേഷം റിസർവ് ബാങ്കിൽ നിന്ന് മുൻകൂട്ടി നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ടാറ്റാ ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.

X
Top