Alt Image
കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆

മില്‍മയുടെ വില്‍പ്പനയില്‍ മുന്നേറ്റം; ആറുമാസത്തിനിടെ വിറ്റുവരവ് 2,559.71 കോടി രൂപ

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 2,559.71 കോടി രൂപയുടെ വിറ്റുവരവുമായി മില്‍മ എന്ന പേരിലറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്).

2026-27 സാമ്പത്തിക വര്‍ഷത്തിലെ പാല്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിറ്റുവരവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.09 ശതമാനമായി വളര്‍ന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ മില്‍മയുടെ വിറ്റുവരവ് 2,224.12 കോടി രൂപയായിരുന്നു.

മില്‍മയുടെ മൂന്ന് മേഖലാ യൂണിയനുകള്‍ ചേര്‍ന്ന് 2,328.87 കോടി രൂപയുടെ വിറ്റുവരവ് നേടി. ഫെഡറേഷന് കീഴിലുള്ള ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ 230.84 കോടി രൂപ സമാഹരിക്കാനായി.

തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍റെ (ടിആര്‍സിഎംപിയു) ആകെ വിറ്റുവരവ് മുന്‍വര്‍ഷം ഇതേ കാലയളവില്‍ 635.89 കോടി രൂപയായിരുന്നത് 746.21 കോടി രൂപയായി ഉയര്‍ന്നു. (17.35 ശതമാനം).

എറണാകുളം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍റെ (ഇആര്‍സിഎംപിയു) വിറ്റുവരവ് മുന്‍വര്‍ഷത്തെ 515.79 കോടി രൂപയില്‍ നിന്ന് 571.04 കോടി രൂപയായി വര്‍ധിച്ചു. (10.71 ശതമാനം) മലബാര്‍ റീജിയണല്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍റെ (എംആര്‍സിഎംപിയു) വിറ്റുവരവ് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 855.24 കോടി രൂപയില്‍ നിന്ന് 1,011.62 കോടി രൂപയായി ഉയര്‍ന്നു (18.28 ശതമാനം).

പാല്‍ വില്‍പ്പനയില്‍ ടിആര്‍സിഎംപിയു 589.8 കോടി രൂപയുടെ വിറ്റുവരവ് കരസ്ഥമാക്കി. (13.86 ശതമാനമാണ് വളര്‍ച്ച) ഇആര്‍സിഎംപിയു 444.64 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. (6.32 ശതമാനം വളര്‍ച്ച) എംആര്‍സിഎംപിയു 712.22 കോടി രൂപയുടെ വിറ്റുവരവാണ് കൈവരിച്ചത്. (15.50 ശതമാനം വളര്‍ച്ച)

പാലിതര ഉത്പന്നങ്ങളുടെ വില്‍പ്പനയിലും മേഖലാ യുണിയനുകള്‍ നേട്ടം സ്വന്തമാക്കി. ടിആര്‍സിഎംപിയുവിന്‍റെ 117.87 കോടി രൂപയുടെ വിറ്റുവരവ് 156.41 കോടി രൂപയായി ഉയര്‍ന്നു. ഇആര്‍സിഎംപിയുവിന്‍റെ വിറ്റുവരവ് 97.58 കോടി രൂപയില്‍ നിന്ന് 126.40 കോടി രൂപയായാണ് വര്‍ധിച്ചത്.

എംആര്‍സിഎംപിയു 238.6 കോടി രൂപയില്‍ നിന്ന് 299.4 കോടി രൂപയുടെ വര്‍ധനവ് കൈവരിച്ചു.

X
Top