
കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ (CSL) വില്ലിംഗ്ഡണ്‍ ഐലന്‍ഡിലുള്ള അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം (ISRF – International Ship Repair Facility) സംയുക്ത സംരംഭ കമ്പനിക്ക് കൈമാറുന്നു.
ദുബായിലെ പ്രമുഖ ഷിപ്പ് റീപ്പെയറിംഗ് കമ്പനിയായ ഡ്രൈഡോക്സ് വേള്‍ഡ് – ദുബായ് എഫ്.സെഡ്.സി.ഒ (Drydocks World – Dubai FZCO) യുമായി ചേര്‍ന്ന് രൂപീകരിക്കുന്ന 50:50 പങ്കാളിത്ത കമ്പനിക്കാണ് ഐ.എസ്.ആര്‍.എഫ് കൈമാറുന്നത്. 1,800 കോടി രൂപയുടെ ന്യായമായ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ് (Fair Value) സ്ലംപ് സെയില്‍ (Slump Sale) വ്യവസ്ഥയില്‍ ഈ കൈമാറ്റം.
പദ്ധതിക്ക് അംഗീകാരം തേടി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഉടമകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നോട്ടീസ് അയച്ചു. 2026 ഒക്ടോബര്‍ 9 മുതല്‍ നവംബര്‍ 7 വരെയാണ് ഇ-വോട്ടിംഗ് സമയം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് സംയുക്ത സംരംഭത്തിനായുള്ള കരാര്‍ ഒപ്പു വച്ചത്.
1,800 കോടി രൂപയുടെ ഇടപാട്
സ്വതന്ത്ര വാല്യുവേഷന്‍ ഏജന്‍സിയുടെ കണ്ടെത്തല്‍ പ്രകാരം 1,800 കോടി രൂപ മൂല്യമുള്ളതാണ് ഐ.എസ്.ആര്‍.എഫ് യൂണിറ്റ്. ഈ തുകയുടെ 50 ശതമാനമായ 900 കോടി രൂപ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് പണമായി (Cash) ലഭിക്കും.
ബാക്കി 900 കോടി രൂപ പുതുതായി രൂപീകരിക്കുന്ന കൊച്ചിന്‍ ദുബായ് ഇന്റര്‍നാഷണല്‍ ഷിപ്പ് റീപ്പെയര്‍ ഫെസിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇക്വിറ്റി ഓഹരികളായിട്ടാണ് ഷിപ്പ്യാര്‍ഡിന് കൈമാറുന്നത്.
ഇതുവഴി പണമായി ലഭിക്കുന്ന 900 കോടി രൂപ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും (Working Capital), മൂലധന ചെലവുകള്‍ക്കും (Capex) ഉപയോഗിക്കും.
ലാഭമുയര്‍ത്തും
ഐ.എസ്.ആര്‍.എഫ് യൂണിറ്റിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2025-26) 207.33 കോടി രൂപയുടെ വിറ്റുവരവാണ് ഷിപ്പ്‌യാര്‍ഡ് നേടിയത്. ആകെ 35 പ്രോജക്ടുകള്‍ ഇവിടെ കൈകാര്യം ചെയ്തു. പുതിയ സംയുക്ത സംരംഭ രൂപീകരണത്തോടെ ആദ്യ ഘട്ടത്തില്‍ ഏകദേശം 800 കോടി രൂപയുടെ ഒറ്റത്തവണ ലാഭം (One-time profit) കമ്പനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരും വര്‍ഷങ്ങളില്‍ പുതിയ ജെ.വി വഴി ഗ്രൂപ്പിന്റെ വിറ്റുവരവില്‍ 260 കോടി രൂപ മുതല്‍ 650 കോടി രൂപ വരെയും ലാഭത്തില്‍ (PAT) 90 കോടി മുതല്‍ 180 കോടി രൂപ വരെയും വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. 130 മീറ്ററില്‍ താഴെ നീളമുള്ള ചെറിയ കപ്പലുകളുടെയും നേവി കപ്പലുകളുടെയും അറ്റകുറ്റപ്പണിയാണ് ഈ കേന്ദ്രത്തില്‍ പ്രധാനമായും നടക്കുക.
കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതികള്‍ പ്രകാരം ഇന്ത്യയിലെ ആദ്യ ഷിപ്പ് റീപ്പെയറിംഗ് ക്ലസ്റ്ററായി കൊച്ചിയെ മാറ്റുന്നതിലെ പ്രധാന നാഴികക്കല്ലാണിത്. ഡ്രൈഡോക്സ് വേള്‍ഡിന്റെ ആഗോള സാങ്കേതിക മികവും അന്താരാഷ്ട്ര കപ്പല്‍ കമ്പനികളുമായുള്ള ബന്ധവും കൊച്ചിയിലേക്ക് എത്തുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വിപണി വിഹിതം വര്‍ധിക്കും.
നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് ഷിപ്പ്‌യാര്‍ഡ് ലക്ഷ്യമിടുന്നത്. വോട്ടിംഗ് പൂര്‍ത്തിയായ ശേഷം നവംബര്‍ 10 ഓടെ ഫലം പ്രഖ്യാപിക്കും.






