
തിരുവനന്തപുരം: 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറു മാസത്തിനിടെ പാല്‍ സംഭരണത്തിലും വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് മില്‍മ. ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലാണ് മില്‍മയുടെ മൂന്ന് യൂണിയനുകളും നേട്ടമുണ്ടാക്കിയത്. കര്‍ഷക കേന്ദ്രീകൃത ക്ഷേമ പദ്ധതികളിലൂടെയും ഉല്‍പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള പരിപാടികളിലൂടെയുമാണ് മില്‍മയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആറു മാസക്കാലയളവില്‍ മില്‍മയുടെ ആകെ പാല്‍ സംഭരണം പ്രതിദിനം 12,15,289 ലിറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആകെ സംഭരണം പ്രതിദിനം 10,66,340 ലിറ്റര്‍ ആയിരുന്നു. 1,48,949 ലിറ്ററിന്‍റെ വര്‍ധനവാണുള്ളത്. 13.97 ശതമാനമാണ് വര്‍ധനവ്. മൂന്ന് യൂണിയനുകളിലും മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനവ് രേഖപ്പെടുത്തി.
മലബാര്‍ മേഖല യൂണിയനാണ് കൂടുതല്‍ പാല്‍ സംഭരിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ പ്രതിദിനം 6,69,126 ലിറ്റര്‍ പാലാണ് മലബാര്‍ മേഖല സംഭരിച്ചത്. എറണാകുളം മേഖല യൂണിയന്‍ 2,83,114 ലിറ്ററും തിരുവനന്തപുരം മേഖല യൂണിയന്‍ 2,63,049 ലിറ്ററും പാല്‍ സംഭരിച്ചു.
പാല്‍ വില്‍പ്പനയിലും ഈ നേട്ടം കൈവരിക്കാന്‍ മില്‍മയ്ക്കായി. മൂന്ന് യൂണിയനുകളും ചേര്‍ന്ന് പ്രതിദിനം 16,83,781 ലിറ്റര്‍ പാലാണ് ആറു മാസക്കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 16,50,296 ലിറ്റര്‍ ആയിരുന്നു. 33,485 ലിറ്ററിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2.03 ശതമാനമാണ് വര്‍ധന.
മലബാര്‍ മേഖല 6,69,669 ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തിയപ്പോള്‍ തിരുവനന്തപുരം മേഖല 5,66,422 ലിറ്ററും എറണാകുളം മേഖല 4,47,690 ലിറ്ററും വില്‍പ്പന നേട്ടം കൈവരിച്ചു. മൂന്ന് മേഖലകള്‍ക്കും കഴിഞ്ഞ വര്‍ഷം ഈ കാലയളവിനേക്കാള്‍ വില്‍പ്പനയില്‍ വര്‍ധനവ് നേടാനായി.
അടുത്തിടെ നടത്തിയ സര്‍വേയില്‍ കാലികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി എന്ന് രേഖപ്പെടുത്തുമ്പോഴും കഴിഞ്ഞ ആറു മാസത്തില്‍ പാല്‍സംഭരണത്തില്‍ 14 ശതമാനത്തോളം വര്‍ധനവുണ്ടായി എന്നത് ശ്രദ്ധേയമാണ്.






