
കൊച്ചി: കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെയും പുനഃ സ്ഥാപനത്തിലൂടെയും പ്രാദേശിക സമൂഹങ്ങളുടെ ഉപജീവന മാർഗം മെച്ചപ്പെടുത്തുന്നതിനായി ഞാറയ്ക്കൽ ഫിഷ് ഫാമിൽ കണ്ടൽ പഠന കേന്ദ്രം, ക്രാബ് ഫാറ്റനിംഗ് യൂണിറ്റ്, കരിമീൻ ബ്രീഡിംഗ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു. കണ്ടൽ നഴ്‌സറികൾ, നിയന്ത്രിത ക്രാബ് ഫാറ്റനിംഗ്, കരിമീൻ കൃഷി എന്നിവയിലൂടെ പൊക്കാളി കർഷകർക്കും സ്വയം സഹായ സംഘങ്ങൾക്കും വരുമാനം വർധിപ്പിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. കരിമീൻ ഉത്പാദനം വർധിപ്പിക്കുന്നതിന് കണ്ടൽ വേരുകളുടെ സംവിധാനം അനുയോജ്യമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
മത്സ്യഫെഡ്, എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തിലാണ് ഈ സംരംഭം. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. അന്തരീക്ഷത്തിലെ കാർബൺ കുറയ്ക്കുന്നതിൽ കണ്ടലിനുള്ള പങ്കിനെക്കുറിച്ചു അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കണ്ടൽ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിച്ച ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ കണ്ടൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്രാബ് ഫാറ്റനിംഗ് രീതികളെക്കുറിച്ചും വിശദീകരിച്ചു.
”കണ്ടൽക്കാടുകൾ വെറും മരങ്ങളല്ല; അവ നമ്മുടെ മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും ബാങ്ക് അക്കൗണ്ടാണ്. ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലൂടെ, നമുക്ക് പ്രകൃതിയെയും, അതോടൊപ്പം പ്രാദേശിക സമൂഹങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്താൻ സാധിക്കും. കണ്ടൽ വേരുകൾ കരിമീൻ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു”, അദ്ദേഹം പറഞ്ഞു. കണ്ടൽ ആവാസവ്യവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തുക, പൊതുജനങ്ങളിൽ അവബോധം വളർത്തുക, ശാസ്ത്രീയമായ രീതികളിലൂടെ സുസ്ഥിരമായ ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.






