2024ൽ മലയാളം സിനിമ ലോകോത്തര സിനിമകളുടെ നിലവാരത്തിലേക്ക് ഉയർന്നു. 100 കോടി ക്ലബിൽ എത്തിയ ചിത്രങ്ങളുടെ എണ്ണം വർദ്ധിച്ചു. സിനിമയോടുള്ള ആളുകളുടെ സമീപനം തന്നെ മാറ്റി മറിച്ച വർഷമായിരുന്നു കടന്നു പോയത്.
ഏകദേശം 2024ഓളം ചിത്രങ്ങളാണ് 2024ൽ റിലീസ് ചെയ്തത്. സൂപ്പർ താര ചിത്രങ്ങൾക്കൊപ്പം ചെറിയ സിനിമകളും ഇടംപിടിച്ചു. എന്നാൽ നിർമ്മാതാക്കളുടെ കണക്ക് പ്രകാരം മലയാളത്തിൽ ഏകദേശം 26 ചിത്രങ്ങളാണ് വമ്പൻ കളക്ഷൻ നേടിയത്.
മഞ്ഞുമ്മൽ ബോയ്സ്, ആവേശം, പ്രേമലു, ആടു ജീവിതം, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളെല്ലാം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഇവയെല്ലാം ഇന്നും മറ്റു ഭാഷയിലെ സിനിമാ പ്രേമികളും സംസാരിക്കുന്ന സിനിമകളാണ്.
ഇതിനൊപ്പം കിഷ്കിന്താ കാണ്ഢം, ഗുരുവായൂരമ്പല നടയിൽ, ടർബോ തുടങ്ങിയ ചിത്രങ്ങൾ 50 കോടിക്കു മുകളിൽ വാരിക്കൂട്ടി. എന്നാൽ ഇത്രയും നേട്ടങ്ങൾ ഉണ്ടായെങ്കിലും 2024ൽ 650- 700 കോടിയോളം രൂപയാണ് നഷ്ടം എന്നാണ് കണക്കുകൾ പറയുന്നത്.
ഈ വർഷം റിലീസ് ചെയ്ത 199 പുതിയ ചിത്രങ്ങളും അഞ്ച് റീമാസ്റ്റേർഡ് പതിപ്പുകളും ഏകദേശം 1,000 കോടി രൂപ ചിലവഴിച്ചിട്ടാണ് പുറത്തിറക്കിയത്. എന്നാൽ വമ്പൻ കളക്ഷൻ നേടിയ 26 ചിത്രങ്ങൾക്ക് ഏകദേശം 300 മുതൽ 350 കോടി രൂപ വരെയാണ് ലാഭം നേടിയത് എന്നാണ് കെ.എഫ്.പി.എ (കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ) സെക്രട്ടറി എ രാകേഷ് വ്യക്തമാക്കിയത്.
സിനിമാ വ്യവസായം നിലനിർത്താൻ അഭിനേതാക്കളടക്കം എല്ലാ പങ്കാളികളും മലയാള സിനിമയിൽ കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും രാകേഷ് കൂട്ടിച്ചേർത്തു.
തിയേറ്ററിൽ വലിയ ലാഭം സൃഷ്ടിക്കാൻ പല സിനിമകൾക്കും സാധിക്കുന്നില്ല. ഈ വർഷത്തെ ഏറ്റവും വലിയ കലക്ഷൻ നേടിയെന്ന് പറയുന്ന മലയാളം സിനിമ മഞ്ഞുമ്മൽ ബോയ്സാണ്. ഏകദേശം 242 കോടിയായിരുന്നു കലക്ഷൻ.
പലരും ഒ.ടി.ടിയിലേക്ക് സിനിമാ കാഴ്ച മാറ്റിയിരിക്കുന്നു. പക്ഷേ തിയേറ്ററിൽ ഹിറ്റായ ചിത്രങ്ങൾക്കാണ് ഒ.ടി.ടിയിൽ മാർക്കറ്റ് കൂടുതലെന്നാണ് രാകേഷ് പറയുന്നത്.
നിരവധി സിനിമാ പ്രവർത്തകർക്ക് ഇതിനെ കുറിച്ച് സംസാരിച്ചു. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ആളുകൾ കാണുന്നില്ലെന്നും ചിത്രത്തിൻ്റെ ഉള്ളടക്കവും നിലവാരവും നേരത്തെ നോക്കിയ ശേഷമാണ് പ്രേക്ഷകർ സിനിമ കാണുന്നതെന്നാണ് ഈ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത്- നിർമ്മാതാക്കൾ പറയുന്നു. സിനിമകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
താരത്തിൻ്റെ മൂല്യത്തിനൊത്താണ് സിനിമകളുടെ ചിലവ് കുറയുന്നതും വർദ്ധിക്കുന്നതും. ഈ വിഷയത്തിൽ മാറ്റം വന്നാൽ നഷ്ടം ഒരു പരിധി വരെ കുറക്കാം. അതായത് പ്രതിഫലത്തിൽ കുറവ് വന്നാൽ സിനിമാ മേഖല വളരും.
അഭിനേതാക്കളുടെ പ്രതിഫലം വർധിക്കുന്നത് മൂലമാണ് നിർമ്മാതാക്കൾക്ക് അവരുടെ ചെലവ് നിയന്ത്രിക്കാൻ കഴിയാത്തതെന്ന് വ്യക്തമാണ്.
വരും വർഷത്തിൽ ഈ പ്രതിസന്ധികൾക്ക് അവസാനം വരുമെന്ന് പ്രതീക്ഷിക്കാം. മലയാളം സിനിമ മറ്റു ഇൻസ്ട്രികൾ പോലും അസൂയയോടെ നോക്കുന്ന മേഖലയായി മാറിയിരിക്കുന്നു. അതൊരു ചെറിയ വളർച്ചയല്ല. വിജയ ചിത്രങ്ങളുടെ എണ്ണം വർദ്ധിക്കണം.