
മുംബൈ: കമ്പനിയുടെ വാർഷിക വിൽപ്പന ബുക്കിംഗിൽ 2.5 മടങ്ങ് കുതിപ്പ് ലക്ഷ്യമിട്ട് റിയൽറ്റി സ്ഥാപനമായ മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ്. വിൽപ്പന ബുക്കിംഗ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,500 കോടി രൂപയായി വർധിപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ അരവിന്ദ് സുബ്രഹ്മണ്യൻ പറഞ്ഞു.
മുംബൈ ആസ്ഥാനമായുള്ള മഹീന്ദ്ര ലൈഫ്‌സ്‌പേസ് കഴിഞ്ഞ സാമ്പത്തിക വർഷം 1,028 കോടി രൂപയുടെ വിൽപ്പന ബുക്കിംഗ് നേടിയിരുന്നു. തങ്ങൾ എല്ലാ മേഖലകളിലെയും വളരെ ശക്തമായ പ്രകടനത്തോടെയാണ് ആദ്യ പാദം ആരംഭിച്ചതെന്നും. കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ 600 കോടിയുടെ റെസിഡൻഷ്യൽ വിൽപ്പന നടത്തിയതായും അരവിന്ദ് സുബ്രഹ്മണ്യൻ പറഞ്ഞു.
രണ്ടാം പാദത്തിലും ബാക്കിയുള്ള വർഷങ്ങളിലും വളരെ ശക്തമായ തുടർ വളർച്ച കമ്പനി പ്രതീക്ഷിക്കുന്നു. 2021-22 ലെ 1,000 കോടിയിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 2,500 കോടി രൂപയുടെ വിൽപ്പന ബുക്കിംഗ് കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷം ചെന്നൈ, പൂനെ, മുംബൈ എന്നിവിടങ്ങളിൽ പുതിയ പദ്ധതികളോ പുതിയ ഘട്ടങ്ങളോ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.
രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നാണ് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ്. ഏഴ് ഇന്ത്യൻ നഗരങ്ങളിലായി പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ റെസിഡൻഷ്യൽ പ്രോജക്ടുകൾ ഉൾപ്പെടെ 32.14 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് കമ്പനിയുടെ വികസനം. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 75.70 കോടി രൂപയായിരുന്നു.





