
കേരളത്തിന്റെ ഐടി നഗരമായ കൊച്ചിയില്‍ പുതിയ ഐടി പദ്ധതി വരുന്നു. ലുലുഗ്രൂപ്പാണ് പുതിയ പ്രൊജക്ടുമായി രംഗത്തുള്ളത്. ഇന്‍ഫോപാര്‍ക്കിലെ ഫേസ് 2വിലാണ് 500 കോടി രൂപ മുടക്കില്‍ പുതിയ ടവര്‍ നിര്‍മിക്കുന്നത്.
7,000ത്തിലധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്കാന്‍ പര്യാപ്തമാണ് ഈ ടവര്‍. ലുലു ഐട ട്വിന്‍ ടവറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ലുലുഗ്രൂപ്പ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കൊച്ചിയുടെ വികസനത്തിനും ആഗോള കമ്പനികളെ ആകര്‍ഷിക്കുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നാരംഭിക്കുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും അധികം വൈകില്ലെന്ന സൂചനയാണ് ലുലു അധികൃതര്‍ നല്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങളെല്ലാം വേഗത്തിലും സമയബന്ധിതമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്വപ്നപദ്ധതികളിലൊന്നായ ലുലു ഐടി ട്വിന്‍ ടവറുകള്‍ കാക്കനാട് സ്മാര്‍ട്ട് സിറ്റിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ഐടി-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് ലുലു ഐടി ട്വിന്‍ ടവറുകളില്‍ ഒരുക്കിയിട്ടുള്ളത്. 1,500 കോടിയിലേറെ രൂപയുടെ മുതല്‍മുടക്കിലാണ് ഐടി സമുച്ചയം യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ഐ.ടി ഓഫീസ് സമുച്ചയമാണ് ലുലു ഐടി ട്വിന്‍ ടവറുകള്‍. 12.74 ഏക്കറില്‍ 30 നിലകള്‍ വീതമുള്ള ലുലു ട്വിന്‍ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിന്‍ ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇതില്‍ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികള്‍ക്കായുള്ള ഓഫീസ് സ്പേസാണ്. 30,000ത്തിലേറെ ടെക് പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനാകും. വിദ്യാസമ്പന്നരായ കുട്ടികള്‍ക്ക് നാട്ടില്‍ തന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കുകയാണ് ലുലു.