അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ആദിവാസി മുന്നേറ്റത്തിന് ‘വന ശുദ്ധി’ പദ്ധതിയുമായി കുടുംബശ്രീ

പത്തനംതിട്ട: സംരംഭക രംഗത്തെ ആദിവാസി മുന്നേറ്റത്തിന് പുത്തൻ മാതൃക സൃഷ്ടിക്കുകയാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘വന ശുദ്ധി’ പദ്ധതി. 2024 മലെെ പണ്ടാരം മൈക്രോ പ്ലാനിന്റെ ഭാഗമായി റാന്നി പെരുനാട് സിഡിഎസിലാണ് പദ്ധതി  നടപ്പാക്കുന്നത്. വനങ്ങളിൽ നിന്നും തദ്ദേശീയ ജന വിഭാഗമായ മലൈ പണ്ടാരം ശേഖരിക്കുന്ന തേൻ, പൊൻ കരണ്ടി, കുന്തിരിക്കം, ഇഞ്ചി, ദന്തപാല എണ്ണ തുടങ്ങിയ പ്രകൃതിദത്ത ഉത്പന്നങ്ങൾ ഹോർട്ടി കോർപ്പിന്റെ സഹായത്തോടെ ശാസ്ത്രീയ രീതിയിൽ സംസ്കരിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കുകയാണു ലക്ഷ്യം.

വെള്ളിയാഴ്ച എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ കിയോസ്ക് ഉദ്ഘാടനം ചെയ്യും. റാന്നി, പെരുനാട്, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് ഗ്രാമ പഞ്ചായത്തുകളിലാണ് മലൈ പണ്ടാരങ്ങളില്‍ ഭൂരിഭാഗവും സ്ഥിര താമസം. ഇപ്പോഴും ഉപജീവനത്തിനായി ഇവർ വന വിഭവങ്ങളെയാണ് ആശ്രയിക്കുന്നത്. തനതായി ശേഖരിക്കുന്ന ഇവരുടെ ഉത്പന്നങ്ങളുടെ ശാസ്ത്രീയ സംസ്കരണവും വിപണി ലഭിക്കാത്ത അവസ്ഥയും പലപ്പോഴും വെല്ലുവിളിയാണ്. വിപണിയിൽ ഇടനിലക്കാരുടെ പങ്ക് കുറയ്ക്കാനും പദ്ധതി സഹായകമാകും.

തേൻ ശേഖരണത്തിൽ പരമ്പരാഗത രീതികൾ പാലിക്കുന്നതിനാൽ സ്വാഭാവിക രുചി, ഗന്ധം, ഔഷധ ഗുണങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുന്നു. മലനിരകളിലും വനപ്രദേശങ്ങളിലും നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങൾ ഗുണനിലവാരത്തിലും ശുദ്ധിയിലും പ്രത്യേകത പുലർത്തുന്നതോടൊപ്പം നിരവധി  ആരോഗ്യഗുണങ്ങളും ഉള്ളവയാണ്. റാന്നി പെരുനാട് പ്രദേശത്തെ പട്ടികവർഗ കുടുംബങ്ങളുടെ ജീവനോപാധി മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത അറിവിനും കൈപ്പുണ്യത്തിനും വിപണിയിൽ യഥാർത്ഥ മൂല്യം ലഭ്യമാക്കുന്നതിനും പദ്ധതി ഏറെ സഹായമാകും. മണ്ഡല കാലമായതിനാൽ കിയോസ്ക് കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ.

X
Top