
കൊച്ചി: മുൻനിര കാലിത്തീറ്റ നിര്‍മാതാക്കളായ കെഎസ്ഇ ലിമിറ്റഡ് 300 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 2024-25 സാമ്പത്തികവര്‍ഷം മൂന്നാംപാദത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണു ലാഭവിഹിതം പ്രഖ്യാപിച്ചത്.
ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനി 21.42 കോടിയുടെ നികുതിയനന്തര ലാഭം നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ നികുതിയടച്ച ശേഷമുള്ള ലാഭം 1.15 കോടി രൂപയായിരുന്നു.
അറ്റാദായത്തിലുണ്ടായ വര്‍ധനയുടെ അടിസ്ഥാനത്തില്‍ ഓഹരി ഒന്നിന് 30 രൂപ വീതം ലാഭവിഹിതം വിതരണം ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടർ എം.പി. ജാക്സൺ അറിയിച്ചു.
ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസക്കാലയളവില്‍ കമ്പനി 55.32 കോടിയുടെ നികുതിയാനന്തര ലാഭം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2.82 കോടിയുടെ നഷ്‌ടം രേഖപ്പെടുത്തിയിരുന്നു.
മുന്‍ സാമ്പത്തികവര്‍ഷം കെഎസ്ഇ ലിമിറ്റഡിന്‍റെ ആകെ വരുമാനം 1266.91 കോടി രൂപയായിരുന്നു.