ന്യൂഡല്‍ഹി: അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധമില്ലെന്ന് വിശദീകരിച്ച് കൊട്ടക് മഹീന്ദ്ര ഇന്റര്‍നാഷണല്‍ ലിമിറ്റഡ്.
യുഎസ് ഷോട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് കമ്പനിയുടെ ഉപഭോക്താവോ നിക്ഷേപകനോ അല്ലെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യൂണിറ്റി ഫണ്ടില്‍ ഹിന്‍ഡന്‍ബര്‍ഗിന് നിക്ഷേപമില്ലെന്നും വിശദീകരിച്ചു.
കൊട്ടക് മഹീന്ദ്ര ഇന്റര്‍നാഷണല്‍ ലിമിറ്റഡിലോ കെഐഒഎഫ് ഫണ്ടിലോ ഹിന്‍ഡന്‍ബര്‍ഗിന് നിക്ഷേപമില്ലെന്നും അവര്‍ കമ്പനിയുടെ ഉപഭോക്താവല്ലെന്നും കൊട്ടക് വിശദീകരിച്ചു. ഫണ്ടില്‍ നിക്ഷേപിച്ച ആര്‍ക്കും ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധമില്ലെന്നും കൊട്ടക് മഹീന്ദ്ര വ്യക്തമാക്കി.
കെഐഒഎഫ് സെബിയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശനിക്ഷേപക ഫണ്ടാണ്. മൗറീഷ്യസ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്മീഷനാണ് അതിനെ നിയന്ത്രിക്കുന്നതെന്നും കൊട്ടക് മഹീന്ദ്ര പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കെവൈസി നിയമങ്ങള്‍ പാലിച്ചാണ് ഫണ്ടിലേക്ക് നിക്ഷേപം തേടുന്നതെന്നും കമ്പനി വിശദീകരിച്ചു.
വിദേശ വ്യക്തികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനായി 2013ലാണ് ഫണ്ടിന് തുടക്കം കുറിച്ചത്. നിയമങ്ങള്‍ക്കനുസരിച്ച് നിക്ഷേപകര്‍ നിക്ഷേപം നടത്തുമ്പോള്‍ കെവൈസി നിയമങ്ങള്‍ കര്‍ശനമായി പാലിക്കാറുണ്ട്. സെബി അടക്കമുള്ള ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കൊട്ടക് മഹീന്ദ്ര വിശദീകരിച്ചിട്ടുണ്ട്.
നേരത്തെ സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി അദാനിയുടെ ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്തത് വഴി നേട്ടമുണ്ടാക്കിയ കൊട്ടക് മഹീന്ദ്ര ഫണ്ടിനെ കുറിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് ഹിന്‍ഡന്‍ബര്‍ഗ് ചോദിച്ചിരുന്നു.
അദാനിക്കെതിരായ ആരോപണങ്ങളില്‍ ഹിന്‍ഡന്‍ബര്‍ഗിന് സെബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് കമ്പനി പ്രതികരിച്ചത്.