
കൊച്ചി: രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചാണ് കൊച്ചിയുടെ സ്വന്തം വാട്ടർമെട്രോയുടെ കുതിപ്പ്. സർവീസ് ആരംഭിച്ച് രണ്ടുവർഷം പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണം അൻപത് ലക്ഷത്തിലേക്ക് എത്തുകയാണ്.
നിലവില്‍ ഇതുവരെ 49.49 ലക്ഷം പേരാണ് കൊച്ചി വാട്ടർമെട്രോയില്‍ യാത്ര ചെയ്തത്. ഒരാഴ്ചയ്ക്കകം യാത്രക്കാരുടെ എണ്ണം 50 ലക്ഷത്തിലേക്കെത്തുമെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.
2023 ഏപ്രില്‍ 25-നാണ് കൊച്ചി വാട്ടർമെട്രോ സർവീസ് തുടങ്ങിയത്. രാജ്യത്ത് ആദ്യമായി വാട്ടർമെട്രോ സർവീസ് ആരംഭിച്ച കേരളത്തിന്റെ മാതൃക പിന്തുടർന്ന് രാജ്യത്തെ 21 സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്.
കൊച്ചിയില്‍ പുതിയ റൂട്ടുകളിലേക്കും വാട്ടർമെട്രോ വ്യാപിപ്പിക്കുകയാണ്. വാട്ടർമെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 15 ടെർമിനലുകളാണുള്ളത്. ഇതില്‍ 10 ടെർമിനലുകള്‍ കേന്ദ്രീകരിച്ച് സർവീസുണ്ട്. മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലൻഡ്, കടമക്കുടി എന്നിവിടങ്ങളിലേക്കുള്ള വാട്ടർമെട്രോ സർവീസ് താമസിയാതെ തുടങ്ങും.
ഹൈക്കോർട്ട്, ഫോർട്ട്കൊച്ചി, വൈപ്പിൻ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് എന്നിവിടങ്ങളിലേക്കെല്ലാം നിലവില്‍ വാട്ടർമെട്രോ സർവീസുണ്ട്. ഇതിനുപുറമേ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർമെട്രോ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും കൊച്ചി മെട്രോ പരിശോധിക്കുന്നുണ്ട്.
കൊച്ചിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം കൂടിയാണ് വാട്ടർമെട്രോ