
കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിന്റെ മൂന്നാംഘട്ട പദ്ധതി രേഖ കെഎംആർഎൽ സർക്കാറിന് സമർപ്പിച്ചു. ആലുവ മുതൽ അങ്കമാലി വരെയുള്ള 17.5 കിലോമീറ്റർ പാതയ്ക്കുള്ള വിശദ പദ്ധതിരേഖയാണ് സർക്കാരിന് സമർപ്പിച്ചത്. ആലുവ, കരിയാട്, നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലി വരെയാണ് പാത. നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സർവീസ് നടത്തി വരുന്നത്. കലൂർ സ്റ്റേഡിയത്തിൽ നിന്നും ഇൻഫോപാർക്ക് വരെ മെട്രോ നീട്ടുന്നതിനുള്ള 11.2 കിലോമീറ്റർ രണ്ടാം ഘട്ടത്തിന്റെ നിർമാണ ജോലികൾ നടന്നുവരികയാണ്. കലൂർ സ്റ്റേഡിയം, പാലാരിവട്ടം, ആലിന്ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്, സിവില്സ്റ്റേഷൻ ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിന്ഫ്ര പാര്ക്ക്, ഇൻഫോപാർക്ക് തുടങ്ങി 11 സ്റ്റേഷനുകളാണ് ഈ ലൈനിലുള്ളത്.
1,957 കോടി രൂപയുടെ പദ്ധതിക്ക് 274.90 കോടി രൂപ വീതം കേന്ദ്ര, സംസ്ഥാന സർക്കാർ വിഹിതവും ഏഷ്യൻ ഇന്ഫ്രാസ്ട്രക്ചർ ഇന്വെസ്റ്റ്മെന്റ് ബാങ്കില് നിന്നും 1,016.24 കോടി രൂപ വായ്പയുമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വായ്പയ്ക്ക് അനുമതി നല്കിയത്. ഭൂമി ഏറ്റെടുക്കല്, റോഡ് വീതി കൂട്ടല്, യൂട്ടിലിറ്റി പരിശോധനകള് പോലുള്ള നടപടികളെല്ലാം പൂര്ത്തിയാക്കിയ ശേഷമാണ് പ്രധാന നിർമാണം ആരംഭിച്ചത്. 2024 ഡിസംബറില് ആരംഭിച്ച ഭൂമിയേറ്റെടുപ്പ് നടപടികള് കോടതിവ്യവഹാരങ്ങളടക്കം കാരണം 2026 മാർച്ച് വരെ നീണ്ടു. യൂട്ടിലിറ്റി പരിശോധനക്കിടെ വാട്ടർ അതോറിറ്റിയുടെ നിരവധി പൈപ്പുകള് ഫൗണ്ടേഷന് ഭാഗങ്ങളുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്ന്ന് ഡിസൈന് പരിഷ്കാരങ്ങളും ഏകോപന നടപടികളും ആവശ്യമായിരുന്നു. 11 കെവി വൈദ്യുതി ലൈനുകൾ ഉൾപ്പെടെ ഉൾപ്പെടെ കെഎസ്‌ഇബി സംവിധാനങ്ങളും മാറ്റിസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. നിലവില് ഈ പൈപ്പുകള് മാറ്റിസ്ഥാപിക്കുന്ന പ്രവര്ത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഈ ഭാഗത്തെ പൈലിംഗ് നടപടികളും പുരോഗമിക്കുകയാണ്.






