Alt Image
പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നീട്ടി കേന്ദ്രം; ഉല്‍പ്പാദനം പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്? ◆ ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆ ഏഷ്യയിലെ മൂന്നാമത്തെ വന്‍ശക്തിയായി ഇന്ത്യ; ഏഷ്യ പവര്‍ ഇന്‍ഡക്സ് 2026ല്‍ ജപ്പാനെയും റഷ്യയെയും പിന്നിലാക്കി ◆ കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆

പരമ്പരാഗത മണി ഓര്‍ഡര്‍ സംവിധാനത്തെ കൈവിടാതെ കേരളം; 2025ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് നടന്നത് 721 കോടി രൂപയുടെ ഇടപാടുകൾ

കൊച്ചി: യുപിഐയും മൊബൈല്‍ ബാങ്കിങ്ങും പണമിടപാടുകള്‍ കീഴടക്കുമ്പോഴും പരമ്പരാഗത മണി ഓര്‍ഡര്‍ സംവിധാനത്തെ കൈവിടാതെ കേരളം. തപാല്‍ വകുപ്പിന്റെ മണി ഓര്‍ഡര്‍ സേവനത്തിലൂടെ ഏറ്റവും കൂടുതല്‍ തുക കൈമാറിയ സംസ്ഥാനമെന്ന നേട്ടമാണ് കേരളം സ്വന്തമാക്കിയത്.

2025ലെ കണക്കുകള്‍ പ്രകാരം 721 കോടി രൂപയുടെ ഇടപാടുകളാണ് സംസ്ഥാനത്ത് നടന്നത്. രാജ്യത്തെ മൊത്തം മണി ഓര്‍ഡര്‍ ഇടപാടുകളുടെ പകുതിയോളം കേരളത്തിന്റെ സംഭാവനയാണെന്നതും ശ്രദ്ധേയമാണ്.

ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമായിട്ടും കേരളത്തില്‍ മണി ഓര്‍ഡറിന് ലഭിക്കുന്ന സ്വീകാര്യതയാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള തപാല്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 21,26,906 മണി ഓര്‍ഡറുകളാണ് വിതരണം ചെയ്തത്. ഇതിലൂടെ കൈമാറിയ തുക 721 കോടി രൂപയാണ്.

രാജ്യത്താകെ മണി ഓര്‍ഡര്‍ വഴി വിതരണം ചെയ്ത മൊത്തം തുക 1,539.3 കോടി രൂപയാണ്. ഇതില്‍ 46.84 ശതമാനവും കേരളത്തിന്റെ വിഹിതമാണ്. അതായത് രാജ്യത്ത് മണി ഓര്‍ഡര്‍ വഴി കൈമാറുന്ന ഓരോ 100 രൂപയിലും ഏകദേശം 47 രൂപയും കേരളവുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെയാണ് വിതരണം ചെയ്യുന്നത്.

410.89 കോടി രൂപയുടെ ഇടപാടുകളുമായി തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ മണി ഓര്‍ഡറുകളുടെ എണ്ണത്തില്‍ കേരളമല്ല മുന്നില്‍. 34.90 ലക്ഷം മണി ഓര്‍ഡറുകള്‍ ബുക്ക് ചെയ്ത തമിഴ്‌നാടാണ് ഈ വിഭാഗത്തില്‍ ഒന്നാമത്. കൂടുതല്‍ തുക കൈമാറുന്ന കാര്യത്തിലാണ് കേരളം ഒന്നാമതെത്തിയത്.

കമ്മിഷന്‍ വരുമാനത്തിലും കേരളം തന്നെയാണ് മുന്നില്‍. 2025ല്‍ മണി ഓര്‍ഡര്‍ ഇടപാടുകളിലൂടെ തപാല്‍ വകുപ്പിന് കേരളത്തില്‍നിന്ന് ലഭിച്ചത് 34.09 കോടി രൂപയാണ്. രാജ്യത്തെ മൊത്തം കമ്മിഷന്‍ വരുമാനമായ 70.74 കോടി രൂപയുടെ ഏകദേശം 48.2 ശതമാനമാണിത്. തമിഴ്‌നാട് 19 കോടി രൂപയുമായി രണ്ടാം സ്ഥാനത്തുണ്ട്.

കേരളത്തിലെ മണി ഓര്‍ഡര്‍ ഇടപാടുകളില്‍ വലിയൊരു പങ്കും പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ടതാണ്. സര്‍വീസ് പെന്‍ഷനുകളുടെ പകുതിയോളം ഇപ്പോഴും മണി ഓര്‍ഡര്‍ വഴിയാണ് വിതരണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിങ് സംവിധാനങ്ങളിലേക്ക് പൂര്‍ണമായി മാറാത്തവര്‍ക്കും പരമ്പരാഗത രീതിയില്‍ പണം കൈപ്പറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സേവനം വലിയ ആശ്വാസമാണ്.

ചെത്തുതൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, ആര്‍ട്ടിസാന്‍സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ക്ഷേമപെന്‍ഷനുകളും മണി ഓര്‍ഡര്‍ വഴി വിതരണം ചെയ്യുന്നുണ്ട്. ചില സര്‍വകലാശാലകളും വിരലിലെണ്ണാവുന്ന പെന്‍ഷന്‍കാര്‍ക്ക് ഈ രീതിയിലാണ് പെന്‍ഷന്‍ എത്തിക്കുന്നത്.

പ്രത്യേകിച്ച് ബാങ്കുകളിലേക്കോ എടിഎമ്മുകളിലേക്കോ എളുപ്പത്തില്‍ എത്താന്‍ കഴിയാത്ത ഗ്രാമപ്രദേശങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളില്‍ത്തന്നെ പണം ലഭിക്കുന്നത് വലിയ സഹായമാണ്.

പെന്‍ഷന്‍ മാത്രമല്ല, ആരാധനാലയങ്ങളിലേക്കുള്ള സംഭാവനകള്‍ അയയ്ക്കാനും വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ അടയ്ക്കാനും ചിലര്‍ മണി ഓര്‍ഡര്‍ ഉപയോഗിക്കുന്നുണ്ട്. തിരുപ്പതി ക്ഷേത്രത്തിലേക്കും രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലേക്കും കേരളത്തില്‍നിന്ന് പണം അയയ്ക്കുന്നവരുമുണ്ട്.

ബാങ്കിങ് സൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളിലെ ചില ഇതര സംസ്ഥാന തൊഴിലാളികളും പണം കൈമാറാന്‍ ഈ സംവിധാനത്തെ ആശ്രയിക്കുന്നു.

മൊബൈല്‍ ഫോണിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ പണം കൈമാറാന്‍ കഴിയുന്ന കാലത്തും മണി ഓര്‍ഡര്‍ സേവനത്തിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത ശ്രദ്ധേയമാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാകുമ്പോഴും പെന്‍ഷന്‍കാര്‍ക്കും ഗ്രാമീണ ജനവിഭാഗങ്ങള്‍ക്കും പരമ്പരാഗത പണമിടപാട് രീതിയുടെ വിശ്വാസ്യതയും സൗകര്യവും ഇന്നും പ്രധാനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

X
Top