
കൊച്ചി: മികച്ച വ്യവസായ സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്നതിന് തെളിവാണ് സംരംഭക മഹാസംഗമമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയം മൈതാനിയിൽ നടന്ന സംരംഭക മഹാസംഗമത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പ്രതിവർഷം ശരാശരി 10,000 പുതിയ സംരംഭങ്ങളാണ് കേരളത്തിൽ രജിസ്‌റ്റർ ചെയ്‌തിരുന്നത്. ഇപ്പോൾ അഗ്രോ-ഫുഡ് പ്രോസസിംഗ് മേഖലയിൽ മാത്രം 21,609 സംരംഭങ്ങളായി. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകുന്ന വലിയ നേട്ടമാണിത്.
നേരത്തേ എം.എസ്.എം.ഇകളിൽ കേരളത്തിന്റെ പങ്കാളിത്തം 6 ശതമാനത്തോളമായിരുന്നു. ഇപ്പോൾ എട്ട് ശതമാനത്തിലധികമാണ്. 12ൽ നിന്ന് കേരളത്തിന്റെ റാങ്ക് പത്തിലേക്കും എത്തിയെന്ന് വിലയിരുത്തുന്നു.
സംസ്ഥാനത്ത് 100 കോടി രൂപയ്ക്കുമേൽ വാർഷികവരുമാനമുള്ള 1,000 സ്ഥാപനങ്ങളെങ്കിലും ഉയർത്തിയെടുക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പി.രാജീവ് പറഞ്ഞു. പുത്തൻ സംരംഭങ്ങളിൽ 30 ശതമാനവും ആദ്യവർഷം തന്നെ അടച്ചുപൂട്ടുമെന്ന ദേശീയതലപഠനങ്ങളുണ്ട്.
ഇത്തരം അടച്ചുപൂട്ടലുകൾ കുറയ്ക്കാനാണ് സംരംഭകരെ സഹായിക്കാൻ എം.എസ്.എം.ഇ ക്ളിനിക്കുകൾ. സംരംഭകർക്ക് എല്ലാപിന്തുണയും ഇവിടെ ലഭിക്കും.
കേരളത്തിൽ ഇതിനുമുമ്പും നിരവധി നിക്ഷേപകസംഗമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്രയും നിക്ഷേപം ചരിത്രത്തിൽ ആദ്യമാണെന്ന് പി.രാജീവ് ചൂണ്ടിക്കാട്ടി. ഇത് വിദേശനിക്ഷേപമല്ല, കേരളത്തിൽ നിന്ന് തന്നെയുള്ള പണമാണ്. എന്നാൽ, വിദേശനിക്ഷേപമെത്തുന്ന സംസ്ഥാനങ്ങളിലും കേരളത്തിന്റെ റാങ്കിംഗിൽ ഉയർച്ചയുണ്ട്.
വ്യാവസായികരംഗത്ത് വലിയമാറ്റത്തിന്റെ പാതയിലാണ് കേരളം. ഇത് സംരക്ഷിക്കാനാണ് ശ്രമം. അടുത്തവർഷവും ഇതേ കാമ്പയിനുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.